ന്യൂഡല്‍ഹി: കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി പര്‍ഷോത്തം രുപാലയുമായി സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കൂടിക്കാഴ്ച നടത്തി. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനു അനുവദിച്ച 29 വെറ്റിനറി മൊബൈല്‍ ആംബുലന്‍സിനുള്ള ഫണ്ട് കൈമാറിയതായി കേന്ദ്രമന്ത്രി അറിയിച്ചു. 4.6 കോടി രൂപയാണ് ആംബുലന്‍സ് വാങ്ങുന്നതിനു അനുവദിച്ചത്. ഒരു ആംബുലന്‍സിന് 16 ലക്ഷം രൂപ വീതം 29 ആംബുലന്‍സുകള്‍ക്കാണു ഫണ്ട് കൈമാറിയത്. എല്ലാ നടപടികളും പൂര്‍ത്തിയാക്കി രണ്ടു മാസത്തിനകം ഉദ്ഘാടനം നടത്തുമെന്നു മന്ത്രി ജെ ചിഞ്ചുറാണി കേന്ദ്ര മന്ത്രിയെ അറിയിച്ചു. കേരളം നേരത്തെ നല്‍കിയിരുന്ന പ്രൊപ്പോസലാണിത്. ഒരു ലക്ഷം കന്നുകാലികള്‍ക്ക് ഒരു ആംബുലന്‍സ് എന്ന കണക്കിന് 29 സ്ഥലങ്ങളില്‍ ഇതിന്റെ പ്രയോജനം ലഭിക്കും. കേരളത്തില്‍ നിലവിലെ കണക്കനുസരിച്ച് 30 ലക്ഷം കന്നുകാലികളാണുള്ളത്.
കന്നുകാലികള്‍ക്ക് ഉള്ളതു പോലെ കോഴി കര്‍ഷകരെ സഹായിക്കുന്നതിനു പൗള്‍ട്രി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താമെന്നും കേന്ദ്രമന്ത്രി ഉറപ്പു നല്കി. കേരളത്തിലെ മുഴുവന്‍ കന്നുകാലികള്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുതിനും കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. റേഡിയോ ഫ്രീക്വന്‍സി ടെക്നോളജി ഉപയോഗിച്ചുള്ള ചിപ്പുകള്‍ കന്നുകാലികളില്‍ ഘടിപ്പിക്കുന്ന രീതി പൈലറ്റ് പദ്ധതിയായി കേരളം നടപ്പിലാക്കി വിജയിപ്പിച്ചാല്‍ പൈലറ്റ് പദ്ധതിയായി കേരളം ഇത് നടപ്പാക്കി വിജയിപ്പിച്ചാല്‍ കേന്ദ്രം പദ്ധതി ഏറ്റെടുത്ത് വ്യാപിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പു നല്കി.
കഴിഞ്ഞ ദിവസം കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് സഹമന്ത്രി സജീവ് കുമാര്‍ ബല്യാണുമായുള്ള കൂടിക്കാഴ്ചയില്‍ പാലോട് വാക്സിന് കേന്ദ്രത്തിന്റെ അടിസ്ഥാനസൗകര്യ വികസനം മുതല്‍ കാലിത്തീറ്റയുടെ വില കുറയ്ക്കുന്നതിനു വൈക്കോല്‍ പോലുള്ള ഘടകങ്ങള്‍ പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നു കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നത് വരെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.
എല്ലാ വിഷയങ്ങളിലും അനുഭാവ പൂര്‍ണമായ ഇടപെടല്‍ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.കൂടാതെ പുതുതായി ചില സാമ്പത്തിക സഹായം കൂടി ആവശ്യപ്പെട്ടിട്ടുണ്ട്.
*ശുദ്ധമായ പാലുല്പാദനം പ്രോത്സാഹിപ്പിക്കാന്‍ ആധുനിക കാലിത്തൊഴുത്തുകളുടെയും ചാണകക്കുഴികളുടെയും നിര്‍മ്മാണവും നവീകരണവും
* ബയോഗ്യാസ് പ്ലാന്റുകളുടെ നിര്‍മ്മാണം
*പാല് സൊസൈറ്റികളില്‍ സോളാര്‍ പവര്‍പ്ലാന്റ് നിര്‍മ്മാണം
*മീഥലിന്‍ ബ്ലൂ റിഡക്ഷന്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ പാല് ഉല്പാദിപ്പിക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ്
*അഫ്ളാടോക്സിന്‍ എം.1ന്റെയും ആന്റിബയോട്ടിക്സിന്റെയും അവശിഷ്ടങ്ങള്‍ കൂടാതെ പാലുല്പാദിപ്പിക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് അധിക ഇന്‍സെന്റീവ്
*പ്രാദേശിക പാല് യൂണിയനുകള്ക്ക്നൂതനമായ പാലുലാപദന വികസനത്തിനും ഗവേഷണത്തിനും വേണ്ടിയുള്ള സാമ്പത്തിക സഹായം
*മൊബൈല്‍ ഫുഡ് ട്രക്ക് ഉള്‍പ്പെടുന്ന കോള്‍ഡ് ചെയിന്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുവാനുള്ള സാമ്പത്തിക സഹായം
* ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ ടെക്നോളജിയും ഡയറി കോര്‍പ്പറേറ്റീവ് സൊസൈറ്റിയെയും ബന്ധിപ്പിച്ച് മില്‍ക്ക് വാല്യു പേമന്റ് സിസ്റ്റം കൂടുതല്‍ ഫലപ്രദവും സുതാര്യവുമാക്കാന്‍ വേണ്ടിയുള്ള സാമ്പത്തിക സഹായം. എന്നീ മേഖലകളിലാണ് സാമ്പത്തിക സഹായം അവശ്യപ്പെട്ടത്. ഇവ പരിഗണിക്കുമെന്നും വിശദമായ പ്രൊപ്പോസല്‍ നല്‍കാനും കേന്ദ്രമന്ത്രി നിര്‍ദേശിച്ചു.
നാടന്‍ പശുക്കളെ പ്രത്യേകം പരിപാലിക്കുന്നതിനായി കേരളം മുന്നോട്ടു വച്ച പ്രൊപോസലും തത്വത്തില്‍ അംഗീകരിചിട്ടുണ്ട്.കേന്ദ്രസര്‍ക്കാര്‍ വെച്ചൂര്‍ പശുക്കളെ മാത്രമാണ് നാടന്‍ ഇനത്തില്‍ ഇതുവരെ കണക്കാക്കിയിട്ടുള്ളത്. കേരളത്തിലെ തനതു ജനുസുകളായ കാസര്‍ഗോഡ് കുള്ളന്‍, ചെറുവള്ളി, കുട്ടംപുഴ (പെരിയാര്‍ എന്നറിയപ്പെടുന്നു), വില്വാദ്രി എന്നീ ഇനം പശുക്കളെയും നാടന്‍ ഇനങ്ങളായി അംഗീകരിക്കണം എന്നതാണ് ആവശ്യപെട്ടത്.സംയോജിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സങ്കരയിനം കന്നുകാലികളിലെ രണ്ടാംതലമുറ രോഗങ്ങക്കു പരിഹാരം കാണാനായി രാഷ്ട്രീയ ഗോകുല്‍ ഗ്രാം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.
പാലോട് വാക്സിന് ഉല്പാദന കേന്ദ്രത്തില്‍ ഫ്എംഡി എച് എസ് സംയുക്ത വാക്സിന് തയ്യാറാക്കുന്നതിനു ബൈ ബാക്ക് ഗ്രാററന്റിയില്‍ സഹകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കാലിത്തീറ്റയുടെ പ്രധാന ഘടകമായ വയ്ക്കോല് കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്നതിനും ഗുണമേന്മ ഉറപ്പു വരുത്തന്നതിനും ഇടപെടാമെന്നു മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ അസ്കാഡ് ഫണ്ട് ഇതിനായി ഉപയോഗപ്പെടുത്താവുതാണ്. സങ്കരയിനം അത്യുല്പാദന ശേഷിയുള്ള കന്നുകാലികളുടെ ഉല്പാദനത്തിന് കേരളം സമര്‍പ്പിച്ച സെക്സ്ഡ് സെമന്‍ കണ്‍സര്‍വേഷന്‍ ആന്റ് പ്രൊപ്പഗേഷന്‍ ഓഫ് എലീറ്റ് ജെംപ്ലാസം എന്ന പ്രോജക്ടിനു അംഗീകാരം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ചിന് കീഴില്‍ കേരളത്തിലെ വെറ്റിനറി സര്‍വ്വകലാശാല വിദേശ സര്‍വകലാശാലകളുമായി സഹകരിച്ച് നടത്തുന്ന ഗവേഷണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹനവും ധനസഹായവും നല്‍കും.
രാജ്യത്തെ ഏറ്റവും ശക്തമായ പഞ്ചായത്ത് സംവിധാനമാണ് കേരളത്തിലുള്ളത്. സംസ്ഥാന ബജറ്റിന്റെ 40% ചെലവഴിക്കുന്നത് സ്വയം ഭരണ സ്ഥാപനങ്ങളാണ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് രാജ്യത്തിന്റെ കന്നുകാലി സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ ഈ സംരംഭം ഉപയോഗിക്കണം. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ റിസേര്‍ച്ച് & ഡവലപ്പ്മെന്റ് ഫണ്ടുകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്നും കേന്ദ്ര മന്ത്രി നിര്‍ദേശിച്ചു.സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എ.കൗശികന്, ജോയിന്റ് സെക്രട്ടറിമാരായ ഒ.പി.ചൗധരി, വര്‍ഷ ജോഷി, ഉപമന്യു ബസു എന്നിവര്‍ പങ്കെടുത്തു.