കൊച്ചി: മാതാപിതാക്കളെ സഹായിക്കാൻ റോഡരികിൽ പേനയും മറ്റ് സാധനങ്ങളും വിൽക്കുന്നതിനിടെ പിടികൂടി ശിശുഭവനിലെത്തിച്ച രണ്ട് ഉത്തരേന്ത്യൻ കുട്ടികളെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വിട്ടയച്ചു. നവംബർ 29 മുതൽ പള്ളുരുത്തിയിലെ ഷെൽട്ടർ ഹോമിൽ കഴിഞ്ഞിരുന്ന ഏഴും ആറും വയസുള്ള ആൺകുട്ടികളെയാണ് വിട്ടയച്ചത്.
അഭിഭാഷകനായ മൃണാളിന്റെ (മധുബെന്‍) സഹായത്തോടെയാണ് മാതാപിതാക്കൾ ഹൈക്കോടതിയിലെത്തിയത്. കുട്ടികൾ ഹർജിക്കാരുടേതാണോ എന്ന സംശയവും ശിശുക്ഷേമ സമിതി ഉന്നയിച്ചു. ഹർജിക്കാരെയും ലോഡ്ജ് വാടകയ്ക്കെടുത്തു കൊടുത്ത വ്യക്തിയെയും കോടതിയിൽ ഹാജരാക്കിയാണ് ഈ വാദത്തെ എതിർത്തത്.
മാലകളും വളകളും പേനകളും വിൽക്കുന്ന ഡൽഹി സ്വദേശികളുടെ മക്കളായിരുന്നു അവർ. മാതാപിതാക്കളെ സഹായിക്കാൻ വഴിയിൽ പേനകളും മറ്റ് വസ്തുക്കളും വിൽക്കുന്നത് എങ്ങനെയാണ് ബാലവേലയാകുന്നതെന്നു അഭിപ്രായപ്പെട്ട ജസ്റ്റിസ് വി.ജി അരുൺ മാതാപിതാക്കൾക്കൊപ്പം കുട്ടികളെ മോചിപ്പിച്ചയക്കാൻ ഉത്തരവിട്ടു.