അബുദാബി ∙ പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് യുഎഇ സന്ദർശനത്തിന് സൗജന്യ വിസ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ആണ് ഇൗ മാസം 15 മുതൽ സെപ്റ്റംബർ 15 വരെ രക്ഷിതാക്കളോടൊപ്പം വരുന്ന കുട്ടികൾക്ക് സൗജന്യ വിസ അനുവദിക്കുക. കഴിഞ്ഞ വർഷം യുഎഇ മന്ത്രിസഭ ഇതുസംബന്ധിച്ച് തീരുമാനമെടുക്കുകയും ഒട്ടേറെ കുട്ടികൾ രക്ഷിതാക്കളോടൊപ്പം ഇവിടെയെത്തുകയും ചെയ്തിരുന്നു. എല്ലാ വര്‍ഷവും ഈ കാലയളവിൽ സൗജന്യ വീസ അനുവദിക്കും. സാധാരണ ഗതിയിൽ 350 ദിർഹമാണ് കുട്ടികളുടെ വിസാ ഫീസ് നിരക്ക്. മാതാവോ പിതാവോ ആരെങ്കിലും ടൂറിസറ്റ് വിസയിൽ വരുന്നുണ്ടെങ്കിൽ അവരോടൊപ്പമെത്തുന്ന കുട്ടികൾക്ക് മാത്രമേ സൗജന്യ പ്രവേശനം അനുവദിക്കുകയുള്ളൂ. ഈ വേനൽക്കാലത്ത് യുഎഇയിലെത്തുന്നവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ഫോറീനേഴ്സ് അഫയേഴ്സ് ആൻഡ് പോർട്സ് അതോറിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ സഇൗദ് റകൻ റാഷിദി പറഞ്ഞു. അതോറിറ്റിയുടെ സ്മാർട് ആപ്പായ ICA UAE e-channels വഴി സൗജന്യ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. അല്ലെങ്കിൽ www.ica.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
രണ്ടു തരം ടൂറിസ്റ്റ് വീസയാണ് യുഎഇയിലേയ്ക്ക് അനുവദിക്കുന്നത്. 30 ദിവസത്തേയ്ക്കുള്ള ഹ്രസ്വകാല വീസയാണ് ആദ്യത്തേത്. 200 ദിർഹമാണ് ഇതിന്റെ ഫീസ്. 30 ദിവസം വീതം രണ്ടു പ്രാവശ്യം ഇതു പുതുക്കാം. 90 ദിവസത്തേയ്ക്കുള്ള ദീർഘകാല വിസയാണ് രണ്ടാമത്തേത്. ഇതിന് 550 ദിർഹമാണ് ഫീസ്. ഇതും 30 ദിവസം വീതം രണ്ടു പ്രാവശ്യം പുതുക്കാം. 600 ദിർഹമാണ് ഒരോ പ്രാവശ്യം പുതുക്കുമ്പോഴും ഫീസ് നൽകേണ്ടത്.