മലപ്പുറം: മദ്രസയിലെ പുരസ്കാര വേദിയിൽ പെണ്‍കുട്ടിയെ വേദിയിൽ വച്ച് അപമാനിച്ച സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ബാലാവകാശ കമ്മീഷൻ സമസ്ത സെക്രട്ടറിയോട് വിശദീകരണം നൽകണം. പെരിന്തൽമണ്ണ എസ്.എച്.ഒ, ജില്ലാ ചൈൽഡ് പ്രോട്ടക്ഷൻ ഓഫീസർ എന്നിവരോടും ബാലാവകാശ കമ്മീഷൻ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്,.സംഭവത്തിൽ വിമര്‍ശനവുമായി നേരത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, ഉന്നത വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു, വനിതാ കമ്മീഷൻ അധ്യക്ഷൻ പി.സതീദേവി എന്നിവര്‍ രംഗത്തെത്തിയിരുന്നു.
സമസ്ത നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം തീര്‍ത്തും അപലപനീയമാണെന്ന് കേരള വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പ്രതികരിച്ചു. സ്ത്രീസാക്ഷരതയില്‍ മുന്നിട്ട് നില്ക്കുന്ന കേരളത്തില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു നല്കിയ ഒരു പുരസ്കാരം സ്വീകരിക്കാന്‍ പെണ്‍കുട്ടിക്ക് വിലക്ക് കല്‍പ്പിക്കുന്ന മതനേതൃത്വത്തിന്റെ നീക്കം ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. സമൂഹത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് പിന്തിരിഞ്ഞു നടത്തിക്കാനുള്ള മതനേതൃത്വത്തിന്റ നീക്കങ്ങള്‍ക്കെതിരേ സമൂഹ മനഃസാക്ഷി ഉണരണമെന്നും വനിതാ കമ്മിഷന് അധ്യക്ഷ പറഞ്ഞു.

പെരിന്തൽമണ്ണയിൽ സമസ്ത വൈസ് പ്രസിഡന്റ് എം.ടി.അബ്ദുള്ള മുസ്ലിയാർ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പുരസ്കാരം നൽകാൻ വേദിയിൽ വിളിച്ചു വരുത്തിയ ശേഷം അപമാനിച്ചത് കുറ്റകരമാണെന്ന് വ്യക്തമാക്കിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രൂക്ഷവിമർശനമുന്നയിച്ചത്. കേരളം പോലുള്ള വിദ്യാഭ്യാസപരമായി മുന്നിൽ നിൽക്കുന്ന സംസ്ഥാനത്ത് പെൺകുട്ടികളെ വീട്ടകങ്ങളിൽ തളയ്ക്കാനാണ് ശ്രമം. രാഷ്ട്രീയ നേതാക്കൾ ഇക്കാര്യത്തിൽ പുലര്‍ത്തുന്ന കുറ്റകരമായ മൗനം വെടിയണം. ഹിജാബ് വിവാദമടക്കം ഉയർത്തി ഇസ്ലാമോഫോബിയ വളർത്തുന്നവരാണ് പെൺകുട്ടിയെ അപമാനിച്ചതെന്നും ഗവർണർ പറഞ്ഞു.
പെൺകുട്ടികളെ പ്രൊത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടതെന്നെന്ന് മന്ത്രി ആര്.ബിന്ദു പറഞ്ഞു. മുസ്ലീം പെൺകുട്ടികൾ വിദ്യാഭ്യാസ മേഖലയിൽ നല്ല മുന്നേറ്റം നടത്തുന്നുണ്ട്. പെൺകുട്ടികൾ തീപ്പന്തമായി കത്തിനിൽക്കുന്ന കാലത്താണിതെന്നും മന്ത്രി പറഞ്ഞു.
