തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി മാത്രം നിയോഗിച്ചിട്ടുള്ള ഗൺമാൻ വഴിയിലിറങ്ങി നീളമുള്ള ദണ്ഡുകൊണ്ട് പ്രതിഷേധക്കാരെ മർദിച്ചത് ഉടനടി സസ്പെൻഷൻ ലഭിക്കാവുന്ന കുറ്റം. എന്നാൽ തന്റെ ഗൺമാൻ അനിൽകുമാർ ആരെയും മർദിക്കുന്നതു താൻ കണ്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുമ്പോൾ, നടപടിയെടുക്കേണ്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയിൽ നവകേരള ബസിനു നേരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണു റോഡിൽ ചാടിയിറങ്ങി ദണ്ഡുകൊണ്ട് അനിൽ കുമാർ ക്രൂരമായി മർദിച്ചത്. ഇതു താൻ കണ്ടില്ലെന്ന് ആദ്യദിവസം മുഖ്യമന്ത്രി പറഞ്ഞപ്പോൾ അടുത്ത ദിവസം ആ ചിത്രവും വിഡിയോ ദൃശ്യങ്ങളും മുഖ്യമന്ത്രിക്കു കാണാനായി മാധ്യമങ്ങൾ വീണ്ടും നൽകി. എന്നിട്ടും അതു കണ്ടില്ലെന്നു പറഞ്ഞു ഗൺമാനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ കൈവിട്ട് തെരുവിൽ ചാടിയിറങ്ങി അധികാരമില്ലാത്ത പണി ചെയ്തതിന് അനിലിനെ കയ്യോടെ സസ്പെൻഡ് ചെയ്യേണ്ടതാണെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ സംരക്ഷണവും ന്യായീകരണവുമായി മുഖ്യമന്ത്രി രംഗത്തുള്ളതിനാൽ ഔദ്യോഗിക കൃത്യനിർവഹണത്തിലെ ഗുരുതര വീഴ്ചയുടെ പേരിൽ അനിലിനെതിരെ നടപടിയെടുക്കാൻ കഴിയാത്ത സ്ഥിതിയിലായി പൊലീസ്. ഇടുക്കിയിൽ മാധ്യമ ഫൊട്ടോഗ്രഫറെ കഴുത്തിനു പിടിച്ചുതള്ളിയത് ഇതേ പിഎസ്ഒ ആയിരുന്നു.
ആലപ്പുഴയിൽ മർദനമേറ്റ കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുക്കാത്തതിനെതിരെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. പരുക്കേറ്റ കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരാണ് പരാതി നൽകിയത്.