തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തില്‍ ഡി.ജി.പിക്ക് കെ.പി.സി.സി. പരാതി നല്‍കിയതിന് പിന്നാലെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പിന്തുണച്ചും കോണ്‍ഗ്രസിനെ പരിഹസിച്ചും മുഖ്യമന്ത്രി പിണറായി വിജയന്. ഗോവിന്ദന് ഒരുതരത്തിലുള്ള വിദ്വേഷ പ്രചാരണവും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റവരെ സഹായിക്കണം എന്ന മനസ്സിന്റെ ഭാഗമായാണ് സി.പി.എം. സംസ്ഥാന സെക്രട്ടറിക്കെതിരെ പരാതി നല്‍കിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, ബി.ജെ.പി. നേതാവ് സന്ദീപ് ജി. വാര്യര്‍, സി.പി.എം. സഹയാത്രികനും മുന്‍ എം.പിയുമായ സെബാസ്റ്റ്യന്‍ പോള്‍, തൃണമൂല്‍ കോണ്‍ഗ്രസ് ദക്ഷിണേന്ത്യന്‍ ചാപ്റ്റര്‍ കണ്‍വീനര്‍ റിവ തോളൂര്‍ ഫിലിപ്പ് എന്നിവര്‍ക്കെതിരെയായിരുന്നു കെ.പി.സി.സിയുടെ പരാതി. ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. സരിന് പി. നല്കിയ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 153 എ വകുപ്പുകള്‍ അടക്കം ചേര്‍ത്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേരളജനത ഒന്നടങ്കം പലസ്തീന് ജനങ്ങളോട് ഒപ്പംനിന്ന് പൊരുതുമ്പോള്‍ അതില്‍നിന്ന് ജനശ്രദ്ധ മാറ്റാന്‍ പര്യാപ്തമാകുന്ന ഭീകരമായ നിലപാട് ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും കര്‍ശനനിലപാട് സ്വീകരിക്കണമെന്നായിരുന്നു കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ എം.വി. ഗോവിന്ദന്റെ പ്രസ്താവന. ഇതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയത്.
പരാതിയില്‍ കേന്ദ്രമന്ത്രിയുടെ പേരില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അവരെയൊന്ന് സുഖിപ്പിക്കാന്‍ വേണ്ടി സി.പി.എം. സംസ്ഥാന സെക്രട്ടറിക്കെതിരെയാണ് പരാതി എന്ന് വരുത്താന്‍ വേണ്ടിയാണ് ഇത് പറയുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മറ്റേതല്ല ഞങ്ങളുടെ പ്രധാനപ്രശ്നം എന്ന് കാണിക്കാനാണ്. ആ ഒരു കളി കോണ്‍ഗ്രസിന്റെ ചില നേതാക്കന്മാര് കളിക്കുന്നത് എല്ലാവര്ക്കും മനസിലാവുന്ന കാര്യമാണ്. എന്താണ് ഉള്ളിലുള്ളതെന്ന് എല്ലാവര്ക്കും അറിയാമല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.


