തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർ സോൺ, ക്രെഡിറ്റ് പരിധി ഉയർത്തൽ, കെ-റെയിൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായേക്കും. പ്രസിഡന്റ് ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച്ച നടത്താനും മുഖ്യമന്ത്രി അനുമതി തേടിയിട്ടുണ്ട്.
ഡിസംബർ 27, 28 തീയതികളിൽ നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി തിങ്കളാഴ്ച ഉച്ചയോടെ ഡൽഹിയിലെത്തും. ഈ സമയത്താണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കൂടിക്കാഴ്ചയ്ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
ബഫർ സോൺ വിഷയത്തിൽ നിലവിൽ കേരളത്തിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യമാണെന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നാണ് വിവരം. കെ-റെയിൽ വിഷയത്തിൽ രാഷ്ട്രീയ എതിർപ്പ് മറികടക്കാനുള്ള ശ്രമവും ഉണ്ടായേക്കും.