
തിരുവനന്തപുരം: ഭൂമിയേറ്റെടുക്കുന്ന നടപടി വൈകുന്നതാണ് കിഫ്ബി പദ്ധതികളുടെ കാലതാമസത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭൂമിയേറ്റെടുത്തും വളവുകള്‍ നിവര്‍ത്തിയുമാണ് കിഫ്ബി റോഡുകള്‍ പൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. കിഫ്ബി പദ്ധതികള്‍ക്ക് വേഗം കുറവാണെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
വര്‍ധിച്ചുവരുന്ന വാഹനസാന്ദ്രത കണക്കിലെടുത്ത് റോഡുകള്‍ നിലവിലുള്ള വീതിയില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനു പകരം അധികമായി ഭൂമി ഏറ്റെടുത്ത് വീതി കൂട്ടിയും വളവുകള്‍ നിവര്‍ത്തിയും ഡിസൈന്‍ റോഡുകളായാണ് ഭൂരിഭാഗം കിഫ്ബി റോഡുകളും നിര്‍മിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നത് ഉള്‍പ്പെടുന്നത് കൊണ്ട് നിയമപ്രകാരമുള്ള നടപടി പാലിക്കുമ്പോള്‍ ഉണ്ടാക്കുന്ന സ്വാഭാവികമായ കാലതാമസം പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണത്തില്‍ പ്രകടമാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ പൂര്‍ത്തീകരണത്തില്‍ സാധാരണഗതിയില്‍ ശരാശരി രണ്ടുമൂന്നു വര്‍ഷം സമയമെടുക്കുമെങ്കിലും ഭൂവുടമകളുടെ ഭാഗത്തു നിന്നുള്ള പ്രതിഷേധം, കോടതി വ്യവഹാരങ്ങളിലേക്ക് ഉള്‍പ്പെടെ നയിക്കുന്ന പ്രാദേശികമായ എതിര്‍പ്പുകള്‍, ഇത്തരം കാരണങ്ങളാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അനിയന്ത്രിതമായ കാലതാമസത്തിന് കാരണമാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനം വകുപ്പിന്റെ അനുമതി, പാരിസ്ഥിതിക അനുമതി, തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി, വെറ്റ് ലാന്‍ഡ് ക്ലിയറന്‍സ്, നാവിഗേഷന്‍ ക്ലിയറന്‍സ് മുതലയാവ ലഭ്യമാക്കുന്നതിനുള്ള സ്വാഭാവികമായ കാലതാമസം പ്രവര്‍ത്തികള്‍ സമയബന്ധിതമായി ആരംഭിക്കുന്നതിനെ ബാധിക്കുന്നുമുണ്ടെന്നും ഈ അനുമതികളുടെ ഭാഗമായി ചില പദ്ധതികളില്‍ ഡിസൈന്‍ മാറ്റങ്ങള്‍ അനിവാര്യമായി വരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു
റോഡുകള്‍ വീതി കൂട്ടി നിര്മിക്കേണ്ടതിനാലും ഭാവിയില്‍ പൈപ്പ് ലൈനുകള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ മൂലം പ്രവര്‍ത്തി നിര്‍വഹിച്ച റോഡുകള്‍ വെട്ടിപ്പൊളിക്കേണ്ട സാഹചര്യം ഒഴിവാക്കേണ്ടതിനാലും നിലവിലുള്ള കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, ജലനിധി, ബിഎസ്എന്‍എല്‍ മുതലായ യൂട്ടിലിറ്റികള്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ അതിരിലേക്ക് മാറ്റി സ്ഥാപിച്ചതിന് ശേഷമാണ് ഭൂരിഭാഗം കിഫ്ബി പ്രവര്‍ത്തികളും ആരംഭിക്കുന്നത്. ഇതുവഴി കാലഹരണപ്പെട്ട യൂട്ടിലിറ്റി ലൈനുകള്‍ക്ക് പകരം സാങ്കേതിക മികവോട് കൂടിയതും കാര്യക്ഷമതയേറിയതുമായ യൂട്ടിലിറ്റി ലൈനുകള്‍ പുനസ്ഥാപിക്കപ്പെടുമെങ്കിലും ഇത്തരം പ്രവര്‍ത്തികളില്‍ ഉണ്ടാകുന്ന കാലതാമസം നിര്‍മാണ പ്രക്രിയയുടെ സമയക്രമത്തെ ബാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
ഇത്തരത്തില്‍ ഗുണമേന്മയുടെ സുസ്ഥിരമായ വികസന പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുമ്പോള്‍ നേരിടേണ്ടി വരുന്ന സ്വാഭാവികമായ ദൈര്ഘ്യത്തെയാണ് കാലതാമസമെന്നും പദ്ധതികളുടെ ഇഴഞ്ഞുപോക്കെന്നും പ്രതിപക്ഷം വിമര്‍ശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
