തിരുവനന്തപുരം : കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടെയാണ്40 ശാഖകളില്‍ പരിശോധന നടത്തിയത്. അതിൽ അസ്വാഭാവികതയില്ല. വിജിലന്‍സിന് അവരുടേതായ പരിശോധനാ രീതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് വിജിലൻസ് പരിശോധന. ഏതെങ്കിലും ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചാല്‍ വിജിലന്‍സിന്റെ ഇന്റലിജന്‍സ് വിഭാഗം ആ ക്രമക്കേടുകളെ പറ്റി രഹസ്യാന്വേഷണം നടത്തും. റിപ്പോര്‍ട്ട് ശരിയാണ് എന്ന കണ്ടാല്‍ യൂണിറ്റ് മേധാവികള്‍ സോഴ്സ് റിപ്പോര്‍ട്ട് തയ്യാറാക്കും. തുടർന്ന് പൊലീസ് സൂപ്രണ്ട് വഴി മിന്നല്‍ പരിശോധന ഉത്തരവ് ലഭിക്കുന്നതിന് വേണ്ടി വിജിലന്‍സ് ആസ്ഥാനത്തേക്ക് അയക്കും. വിജിലന്‍സ് ആസ്ഥാനമാണ് അത് പരിശോധിക്കുക. ആവശ്യമാണെങ്കില്‍ മിന്നല്‍ പരിശോധനയ്ക്ക് തീയതി നിശ്ചയിച്ച് ഉത്തരവ് നല്‍കും ഇതാണ് രീതി. മിന്നല്‍ പരിശോധനയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ അനുമതിയാണ് വേണ്ടത്. മറ്റേത് തരത്തിലുള്ള അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മിന്നല്‍ പരിശോധനയില്‍ കണ്ടെത്തുന്ന ക്രമക്കേടുകളില്‍ പ്രധാനമായും ക്രമക്കേടുകളുടെ വ്യാപ്തി പരിശോധിച്ച കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരേ ഇന്റേണല്‍ ഓഡിറ്റ്, ഇന്റേണല്‍ വിജിലന്‍സ് എന്‍ക്വയറി, വകുപ്പുതല നടപടി അതെല്ലെങ്കില്‍ വിജിലന്‍സ് അന്വേഷണം ഇത്രയും കാര്യങ്ങളാണ് ഉണ്ടാകുന്നത്. മിന്നല്‍ പരിശോധന കഴിഞ്ഞ് അവര്‍ നേരിട്ട് നടപടി എടുക്കുകയല്ല മറിച്ച് ശുപാര്‍ശയോടെ സര്‍ക്കാരിന് നല്‍കുകയാണ് ചെയ്യുക. മിന്നല്‍ പരിശോധന നടത്തുന്ന വകുപ്പിന് പുറത്തുളള വകുപ്പിലെ ഗസറ്റഡ് ഉദ്യോഗസ്ഥനും വിജിലന്‍സ് ഉദ്യോഗസ്ഥനും ചേര്‍ന്ന് ജോയിന്റ് മഹസ്സര്‍ തയ്യാറാക്കും അതില്‍ ഈ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ ശേഷം കണ്ടെത്തിയ കാര്യങ്ങളില്‍ വിജിലന്‍സിന്റെ ഉദ്യോഗസ്ഥന് തുടര്‍പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ട് വിജിലന്‍സ് ആസ്ഥാനത്ത് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.