ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള ഹര്‍ജിയില്‍ ഭിന്നവിധി. ഹര്‍ജിയില്‍ നാല് വിധികളുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അറിയിച്ചു. സ്പെഷ്യല്‍ മാര്യേജ് ആക്ടില്‍ മാറ്റം വരുത്തി സ്വവര്‍ഗവിവാഹം കൂടി അംഗീകരിക്കണമെന്ന ഹര്‍ജിക്കാരുടെ വാദം ചീഫ് ജസ്റ്റീസ് അംഗീകരിച്ചു. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തിന് മാത്രമാണ് നിയമസാധുതയെന്ന സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ സെക്ഷന്‍ നാല് ഭരണാഘടനാവിരുദ്ധമാണ്. സ്പെഷ്യല്‍ മാര്യേജ് ആക്ടില്‍ മാറ്റം വേണോ എന്ന് പാര്‍ലമെന്റിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. വിവാഹം സ്ഥിരവും മാറ്റമില്ലാത്തതുമായ അവസ്ഥയല്ല. സ്വവർഗ ലൈംഗികതയ്ക്ക് നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ല. ഇത്തരം ലൈംഗികത വരേണ്യ വർഗ സങ്കൽപ്പമല്ല. നിയമങ്ങൾ വഴി വിവാഹത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് തന്റെ വിധ്യ ന്യായത്തിൽ വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജിയിൽ വിധി പറയുന്നത്. ജസ്റ്റിസ്മാരായ സഞ്ജയ് കിഷൻ കൗൾ, എസ് രവീന്ദ്ര ഭട്ട്, ഹിം കോഹ്ലി, പി.എസ്. നരസിംഹ എന്നിവരാണ് ബെഞ്ചിലുള്ളത്. 1954ലെ സ്പെഷ്യൻ മാര്യേജ് ആക്റ്റ്, 1955ലെ ഹിന്ദു മാര്യേജ് ആക്റ്റ്, 1969ലെ ഫോറിൻ മാര്യേജ് ആക്റ്റ് എന്നിവയിലെ വ്യവസ്ഥകളെ ചോദ്യം ചെയ്തു കൊണ്ട് സ്വവർഗ പങ്കാളികൾ, ട്രാൻസ്ഡൻഡർ വ്യക്തികൾ തുടങ്ങിയവർ സമർപ്പിച്ച് ഇരുപതോളം ഹർജികളാണ് ബെഞ്ചിന്റെ മുമ്പാകെയുള്ളത്. വിവിധ മതങ്ങളുടെ വ്യക്തി നിയമങ്ങളിലേക്ക് കടക്കാതെ സ്വവർഗ വിവാഹം സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം നിയമാനുസൃതമാക്കാൻ ആകുമോ എന്നതാണ് കോടതി പ്രധാനമായും പരിശോധിച്ചത്. 35 രാജ്യങ്ങളാണ് നിലവിൽ സ്വവർഗ വിവാഹം നിയമാനുസൃതമാക്കി മാറ്റിയിരിക്കുന്നത്. ഹർജിയിൽ പത്തു ദിവസം നീണ്ടു നിന്ന വാദത്തിനൊടുവിൽ മേയ് 11 നാണ് സുപ്രീം കോടതി വിധി പറയാൻ മാറ്റി വച്ചത്.