മുംബൈ: ലയിപ്പിച്ച മൂന്ന് പൊതുമേഖലാ ബാങ്കുകളുടെ ചെക്ക് ബുക്കുകൾ ഒക്ടോബർ ഒന്നു മുതൽ അസാധുവായിമാറും. ഇന്ത്യൻബാങ്കിൽ ലയിപ്പിച്ച അലഹാബാദ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിച്ച ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ചെക്ക് ബുക്കുകളാണ് അസാധുവാകുക.
അലഹാബാദ് ബാങ്ക് ഉപഭോക്താക്കൾക്ക് ഇന്ത്യൻ ബാങ്കിന്റെ സേവനങ്ങൾ ലഭ്യമാകുമെന്നും പുതിയ ചെക്ക് ബുക്കിനായി നെറ്റ്ബാങ്കിങ്, മൊബൈൽ ബാങ്കിങ് അല്ലെങ്കിൽ ബാങ്ക് ശാഖകളിൽ നേരിട്ട് പുതിയ ചെക്ക് ബുക്കിനായി അപേക്ഷിക്കാമെന്നും ഇന്ത്യൻബാങ്ക് അറിയിച്ചു.
ഇതേരീതിയിൽ പഞ്ചാബ് നാഷണൽബാങ്കും പഴയ ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്ക് അറിയിപ്പുനൽകിയിട്ടുണ്ട്. പി.എൻ.ബി.യുടെ എല്ലാ ഉപഭോക്താക്കളും പുതിയ ഐ.എഫ്.എസ്.സി. കോഡും എം.ഐ.സി.ആർ. കോഡും ഉൾപ്പെടുത്തിയ പുതിയ ചെക്ക്ബുക്കുകൾ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.