ദുബായ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ സ്വപ്നതുല്യമായ കുതിപ്പിനു തടയിട്ട് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സ് നാലാം കിരീടം സ്വന്തമാക്കി. ഒരു ഫൈനലിന്റെ മുഴുവന്‍ ആവേശവും അനിശ്ചിതത്വവും നിറഞ്ഞുനിന്ന പോരാട്ടത്തില്‍ 27 റണ്‍സിന്റെ വിജയത്തോടെയാണ് ചെന്നൈയുടെ മഞ്ഞപ്പട ഒരിക്കല്‍ക്കൂടി കപ്പില്‍ മുത്തമിട്ടത്. 2018നു ശേഷം ചെന്നൈയുടെ ആദ്യ ഐപിഎല്‍ കിരീടം കൂടിയാണിത്. ഇതോടെ അഞ്ചു ട്രോഫികളെന്ന മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍ടൈം റെക്കോര്‍ഡിന് ഒരുപടി കൂടി അരികിലെത്താനും ചെന്നൈയ്ക്കു കഴിഞ്ഞു. 2012ലെ ഫൈനലില്‍ കൊല്‍ക്കത്തയോടേറ്റ പരാജയത്തിനു ഇത്തവണ ധോണിയും സംഘവും കണക്കുതീര്‍ക്കുകയായിരുന്നു.
ഫൈനലില്‍ പല തവണ ഭാഗ്യം തുണച്ചിട്ടും കൊല്‍ക്കത്തയ്ക്കു ഇതു മുതലാക്കി കിരീടം എത്തിപ്പിടിക്കാനായില്ല. 193 റണ്‍സെന്ന ദുഷ്കരമായ വിജയലക്ഷ്യമായിരുന്നു കൊല്‍ക്കത്തയ്ക്കു ചെന്നൈ നല്‍കിയത്. ആദ്യ 10 ഓവറില്‍ അവര്‍ക്കു വിജയപ്രതീക്ഷയുമുണ്ടായിരുന്നു. എന്നാല്‍ അടുത്ത രണ്ടോവറില്‍ ചെന്നൈ തനിനിറം പുറത്തോടെ കൊല്‍ക്കത്ത കൂട്ടത്തകര്‍ച്ച നേരിട്ടു. വിക്കറ്റ് പോവാതെ 90 റണ്‍സെന്ന നിലയില്‍ നിന്നും അവര്‍ എട്ടിന് 125ലേക്കു വീണു. 34 റണ്‍സിനിടെയാണ് എട്ടു വിക്കറ്റുകള്‍ അവര്‍ കളഞ്ഞുകുളിച്ചത്. ഒമ്പതു വിക്കറ്റിന് 165 റണ്‍സെടുത്ത് കൊല്‍ക്കത്ത തങ്ങളുടെ കിരീടത്തിനു വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.
