
കോഴിക്കോട്: രാസലഹരി വില്‍പ്പന നടത്തുന്ന ടാന്‍സാനിയന്‍ പൗരരായ രണ്ടുപേരെ പഞ്ചാബിലെത്തി കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പോലീസ് പിടികൂടി.
പഞ്ചാബിലെ ലൗലി പ്രഫഷണല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളായ ഡേവിഡ് എന്റമി (22), അത്ക ഹറുണ എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. ഇവരെ ഇന്ന് വൈകുന്നേരത്തോടെ വിമാന മാര്‍ഗം കോഴിക്കോടെത്തിച്ചു. ടാന്‍സാനിയയിലെ ജഡ്ജിയുടെ മകനാണ് ഡേവിഡ് എന്ന് പോലീസ് പറഞ്ഞു. ഇയാള്‍ രാസലഹരി വസ്തുക്കളുടെ വില്‍പ്പനക്കാരില്‍ പ്രധാനിയാണെന്നാണ് കരുതുന്നത്.
ഒരു കോടി രൂപയുടെ ഇടപാടുകളാണ് ഈയിടെ ഡേവിഡിന്റെ അക്കൗണ്ടിലൂടെ നടന്നതെന്നും പോലീസ് പറഞ്ഞു.
അത്കയുടെ അക്കൗണ്ടില്‍ 36 ലക്ഷത്തിന്റെ ഇടപാടും നടന്നിട്ടുണ്ട്. ഡേവിഡ് കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയും അത്ക ബി.ബി.എ. വിദ്യാര്‍ത്ഥിയുമാണ്. ഇരുവരും ഒരുമിച്ച് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ജനുവരി 21ന് കുന്ദമംഗലം പോലീസ് റജിസ്റ്റര്‍ ചെയ്ത എം.ഡി.എം.എ. കേസില്‍ അറസ്റ്റിലായ കാസര്‍കോട് മഞ്ചേശ്വരം ബായാര്‍പദവ് ഹൗസില്‍ ഇബ്രാഹിം മുസമ്മില്‍ (27), കോഴിക്കോട് വെള്ളിപറമ്പ് ഉമ്മളത്തൂര്‍ ശിവഗംഗയില്‍ അഭിനവ് (24) എന്നിവരില്‍നിന്നു ലഭിച്ച സൂചനയെത്തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്.
ഇവരെ തെളിവെടുപ്പിനായി ബെംഗളൂരുവില്‍ കൊണ്ടുപോകുകയും കൂട്ടുപ്രതിയായ മുഹമ്മദ് ഷമീലിനെ മൈസൂരുവില്‍ വെച്ച് പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രതികളുടെ പ്രവര്‍ത്തനങ്ങളും മറ്റും വിശദമായി പരിശോധിച്ചതില്‍നിന്ന് വലിയ തുക ഡേവിഡിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയതായി കണ്ടെത്തി. ആ പണം അത്ക ഹറുണ എന്ന യുവതിയുടെ അക്കൗണ്ട് വഴി നോയിഡയില്‍ വെച്ചാണ് പിന്‍വലിച്ചതെന്നും കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ലൊക്കേഷന്‍ പഞ്ചാബിലെ പഗ്വാരയില്‍ ആണെന്ന് പോലീസ് മനസ്സിലാക്കി. അന്വേഷണ സംഘം പഗ്വാരയിലെത്തി കോളേജിന്റെ സമീപത്തുള്ള വീട്ടില്‍നിന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
