ഗുരുവായൂർ: ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. മണത്തല കൊപ്പര വീട്ടിൽ ബിജു ആണ് മരിച്ചത്. ചാവക്കാട് നാഗയക്ഷി ക്ഷേത്ര മൈതാനത്തു വച്ചാണ് ബിജുവിന് കുത്തറ്റത്. എസ്ഡിപിഐ പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്ന് ബിജെപി ആരോപിച്ചു. പ്രതികളെന്നു സംശയിക്കുന്ന മൂന്നു പേർ നിരീക്ഷണത്തിലാണെന്നാണ് വിവരം. സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ചാവക്കാട് മുനിസിപ്പാലിറ്റിയിലും കടപ്പുറം പഞ്ചായത്തിലും ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു.

സംഘർഷങ്ങളൊന്നും നിലവിലില്ലാത്ത പ്രദേശത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കണമെന്ന ബോധപൂർവ്വമായ ഉദ്ദേശത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും ബിജെപി ആരോപിച്ചു. മുൻപ് സിപിഎമ്മിൽ പ്രവർത്തിച്ചിരുന്ന പ്രതികൾ അടുത്ത കാലത്താണ് എസ്ഡിപിഐയിൽ ചേർന്നത്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെയും ഗൂഡാലോചനയിൽ പങ്കെടുത്തവരെയും ഉടൻ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവണമെന്നും അഡ്വ കെ.കെ അനീഷ്കുമാർ ആവശ്യപ്പെട്ടു.