കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലിൽ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
ഇന്നു(02 ഓഗസ്റ്റ്) മുതൽ ആറു വരെ തെക്കു പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ, വടക്കൻ അറബിക്കടലിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെയും ചില അവസരങ്ങളിൽ 70 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
ശക്തമായ തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിർദേശം
വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് ഓഗസ്റ്റ് 03 രാത്രി 11.30 വരെ 2.3 മുതൽ 2.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ കെട്ടിയിട്ടു സൂക്ഷിക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.