തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം മഴ കനക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമാണ്. പാറശാല പരശുവയ്ക്കലിൽ നെയ്യാർ സബ് കനാൽ തകർന്നു. ശ്രീകാര്യം മൺവിള പ്രകൃതി പാർക്കിൽ മതിൽ ഇടിഞ്ഞുവീണു. ടെക്നോപാർക്കിൽ വെള്ളം കയറി. വേളി പൊഴിക്കരയിൽ മൂന്ന് വീടുകൾ തകർന്നു. തിരുവനന്തപുരം നഗരത്തിലും വെള്ളക്കെട്ട് രൂക്ഷമാണ്. സംസ്ഥാനത്ത് ഏറ്റവും ശക്തമായ മഴ ലഭിച്ചത് തിരുവനന്തപുരത്താണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം നഗരത്തിലടക്കം 17 ദുരുതാശ്വാസ ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. 577 പേരാണ് ക്യാമ്പുകളിലുള്ളത്. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധിയാണ്.