ന്യൂഡല്‍ഹി: രാജ്യത്ത് റോഡപകടങ്ങൾ ദിനം പ്രതി വർധിച്ചുവരികയാണെന്ന വിലയിരുത്തലുമായി കേന്ദ്രം. 2021ൽ മാത്രം 4.12 ലക്ഷം അപകടങ്ങളാണ് ഉണ്ടായത്. ഏകദേശം 1.5 ലക്ഷം പേർ കൊല്ലപ്പെടുകയും 3.5 ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2020 ൽ 3.6 ലക്ഷം അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ അരലക്ഷത്തോളം അപകടങ്ങൾ വർധിച്ചിട്ടുണ്ട്.
2020 ൽ ഓരോ 100 അപകടങ്ങളിൽ 36 മരണങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2021 ൽ 37 മരണങ്ങളായി ഉയർന്നു. 2021 ൽ രാജ്യത്തെ റോഡപകടങ്ങളെക്കുറിച്ച് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
തുടർച്ചയായ അഞ്ചാം വർഷവും തമിഴ്നാടാണ് (55,682) ഒന്നാമത്. മധ്യപ്രദേശ് (48,877), ഉത്തർപ്രദേശ് (37,729), കർണാടക (34,647) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ. മിസോറാമിലാണ് ഏറ്റവും കുറവ് അപകടങ്ങൾ- 69. സംസ്ഥാന പൊലീസ് വകുപ്പുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം റിപ്പോർട്ട് തയ്യാറാക്കിയത്.