തിരുവനന്തപുരം: കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറയ്ക്കുകയും ഗ്രാന്റുകൾ തടഞ്ഞുവയ്ക്കുകയും ചെയ്ത സമീപനത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് നിയമസഭ ഐകകണ്ഠ്യേന ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച പ്രമേയം ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരങ്ങൾക്കും നിയമ നിർമാണ അധികാരങ്ങൾക്കുംമേൽ വലിയ രീതിയിലുള്ള കടന്നുകയറ്റമാണ് അടുത്ത കാലത്ത് രാജ്യത്ത് നടന്നു വരുന്നതെന്ന് പ്രമേയത്തിൽ പറയുന്നു. ഭരണഘടനാ ദത്തമായി സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങളെല്ലാം നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് കേന്ദ്ര സർക്കാരിന്റെ ചില നടപടികൾ എത്തിച്ചിരിക്കുന്നത്.
സാമൂഹികക്ഷേമം ഉൾപ്പെടെ ആകെ ചെലവുകളുടെ സിംഹഭാഗവും സംസ്ഥാനങ്ങളാണ് വഹിക്കുന്നത്. റവന്യൂ വരുമാനത്തില്‍ ഗണ്യമായ പങ്ക് യൂണിയൻ സർക്കാരിനാണ്. 15–ാം ധനകാര്യ കമ്മിഷന്റെ വിഹിതം നിശ്ചയിച്ചപ്പോൾ വലിയ നഷ്ടമാണ് കേരളത്തിനുണ്ടായത്.
ധനകാര്യ കമ്മിഷന്റെ ശുപാർശകളെ മറികടന്ന് കേന്ദ്രസർക്കാർ കേരളത്തിന്റെ വായ്പാ പരിധി 2021–22 മുതൽ മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ചു. ലഭിക്കേണ്ട ഗ്രാന്റുകൾ തടഞ്ഞുവയ്ക്കുന്ന അവസ്ഥയാണ്. ഇതെല്ലാം ഫെഡറൽ സംവിധാനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന നടപടിയാണ്. യൂണിയൻ ലിസ്റ്റിലെ വിഷയത്തിൽ കേന്ദ്രസർക്കാരിന് പരമാധികാരമുള്ളതുപോലെ സംസ്ഥാന വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനും പരമാധികാരമുണ്ട്. അതിനാൽ സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ കീഴ്ഘടകമായി കാണുന്ന ജനാധിപത്യവിരുദ്ധ സമീപനം ഉപേക്ഷിക്കണമെന്നും പ്രമേയത്തിൽ പറയുന്നു.
പ്രമേയം അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷം സഭയിൽ ഉണ്ടായിരുന്നില്ല. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനാൽ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. സഭ പിരിഞ്ഞു. തിങ്കളാഴ്ച ധനമന്ത്രി സഭയിൽ ബജറ്റ് അവതരിപ്പിക്കും.