തിരുവനന്തപുരം: കോര്‍പ്പറേറ്റ് ശൈലി സൈന്യത്തില്‍ കൂടി കൊണ്ട് വരാനുള്ള മോദി സര്‍ക്കാരിന്റെ നീക്കമാണ് അഗ്നിപഥ് പദ്ധതിക്ക് പിന്നില്‍. ഈ പദ്ധതിയിലൂടെ രാജ്യത്തെ തൊഴില്‍ മേഖലയില്‍ ഒരു പുതിയ സംസ്കാരത്തിന് വഴി തെളിയിക്കുകയാണ്. ജോലിയില്‍ സ്ഥിരതയില്ലായ്മയാണ് കോര്‍പറേറ്റ് രീതി. ജോലിയിലെ സ്ഥിരതയില്ലായ്മ സൈന്യത്തില്‍ കൊണ്ടുവരുന്നത് അപകടകരമാണ്. സൈന്യത്തിന്റെ അച്ചടക്കത്തെയും ഇത് പ്രതികൂലമായി ബാധിക്കും. സൈന്യത്തില്‍ സ്വതന്ത്ര്യത്തിന് ശേഷം ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലം മുതല്‍ തുടങ്ങിയ ഒരു രീതിയുണ്ട്. അതില്‍ കാലാനുസൃതമായ മാറ്റം വരുത്താം. എന്നാല്‍ ജോലി സ്ഥിരതയില്ലായ്മ ചെറുപ്പക്കാര്‍ക്കിടയില്‍ അനിശ്ചിതത്വവും നിരാശരാക്കും. ആ നിരാശയില്‍ നിന്നാണ് പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നത്. കോര്‍പ്പറേറ്റ് പ്രീണന നിലപാടില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നു.
വ്യവസായ പ്രമുഖനായ യൂസഫലി ലോക കേരള സഭയില്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. രാഷ്ട്രീയ കാരണങ്ങളാലാണ് പങ്കെടുക്കേണ്ടെന്ന് യു.ഡി.എഫ് തീരുമാനിച്ചത്. ഇക്കാര്യം പ്രതിപക്ഷ നേതാവെന്ന നിലയില്‍ യൂസഫലിയെ അറിയിച്ചതുമാണ്. കെ.പി.സി.സി ഓഫീസുകളും കോണ്‍ഗ്രസ് ഓഫീസുകളും തകര്‍ക്കുകയും കന്റോണ്‍മെന്റ് ഹൗസില്‍ അക്രമികളെ വിടുകയും പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടുന്നതിലുള്ള പ്രയാസം യൂസഫലിയോട് പ്രകടിപ്പിച്ചിരുന്നു. ഇതെല്ലാം അറിഞ്ഞിട്ടും പ്രവാസികള്‍ക്ക് ഭക്ഷണം നല്‍കുന്നതും താമസം ഒരുക്കുന്നതുമാണ് യു.ഡി.എഫ് എതിര്‍ക്കുന്നതെന്ന രീതിയില്‍ യൂസഫലി നടത്തിയ പരാമര്‍ശം നിര്‍ഭാഗ്യകരമാണ്. നിയമസഭയിലെ ശങ്കരനാരായണന് തമ്പി ഹാളിന്റെ ഇന്റീരിയര്‍ നവീകരണം 16 കോടി രൂപയ്ക്ക് ഊരാളുങ്കലിനെ ഏല്‍പ്പിച്ചതിന് പിന്നില്‍ അഴിമതിയും ധൂര്‍ത്തുമുണ്ട്. അല്ലാതെ പ്രവാസികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതോ താമസം നല്കുന്നതോ ധൂര്‍ത്തായി ഒരു പ്രതിപക്ഷ നേതാവും പറഞ്ഞിട്ടില്ല. ഇതിനെ ആ രീതിയിലേക്ക് വളച്ചൊടിക്കാന്‍ സി.പി.എം കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. യു.ഡി.എഫ് സംഘടനകളുമായി ബന്ധപ്പെട്ട് നില്ക്കുന്ന പ്രവാസി പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. രണ്ട് ലോക കേരള സഭകള്‍ നടന്നിട്ടും എന്തൊക്കെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയെന്നത് സംബന്ധിച്ച് പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ല.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അപകടകരമായ നിലയിലേക്ക് പോകുകയാണ്. മാര്‍ച്ച് 31-ന് മുന്‍പ് പദ്ധതികള്‍ക്ക് അംഗീകാരം കൊടുക്കേണ്ടതാണ്. എന്നാല്‍ പണമില്ലാത്തതിനെ തുടര്‍ന്ന് പദ്ധതികള്‍ക്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഇതേത്തുടര്‍ന്ന് എല്ലാ പഞ്ചായത്തുകളും പ്രതിസന്ധിയിലാണ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രവര്‍ത്തനം തന്നെ സ്തംഭിച്ചിരിക്കുകയാണ്. ഒരു പദ്ധതിയും നടപ്പാകുന്നില്ല. ഇത് അപകടകരമായ സ്ഥിതിയാണ്. ഇത്തരത്തില്‍ ഭരണപരമായ പരാജയം മറച്ചുവയ്ക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ മറ്റു വിഷയങ്ങളുമായി മുന്നോട്ടു പോകുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് നേരത്തെ തന്നെ പദ്ധതികള്‍ക്ക് അംഗീകാരം കൊടുക്കുന്ന രീതി ആരംഭിച്ചത്. ആ രീതിയാണ് ഈ സര്‍ക്കാര്‍ അപകടത്തിലാക്കിയത്. ഗുരുതരമായ സമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. ശ്രീലങ്കയ്ക്ക് സമാനമായ സാമ്പത്തിക പ്രശ്നത്തിലേക്ക് സംസ്ഥാനം കൂപ്പ് കുത്തുകയാണ്. സംസ്ഥാനത്തിന്റെ അപകടകരമായ സാമ്പത്തിക സ്ഥിതിയെ കുറിച്ച് റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോര്‍ട്ടിലും ഗൗരവതരമായ ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ വ്യക്തമാക്കുന്ന ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയാറാകണം.