ന്യൂഡൽഹി: വിശ്വാസ ലംഘനം ആരോപിച്ച് ഗൂഗിളിനെതിരെ നടപടിയെടുക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ആൽഫബെറ്റ് ഇങ്കിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിൾ തങ്ങളുടെ വിപണി ദുരുപയോഗം ചെയ്തതിനും മത്സരവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും കുറ്റക്കാരെന്ന് സർക്കാരിന്റെ വിദഗ്ധ സമിതി കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗിളിനെതിരെ നടപടിയെടുക്കാൻ സർക്കാർ ഒരുങ്ങുന്നത്.
ഗൂഗിളിന്റെ വിശ്വാസ വിരുദ്ധ നിയമങ്ങളുടെ ലംഘനം ആശങ്കാജനകമാണ്, ഞങ്ങൾക്ക് മാത്രമല്ല, ഇന്ത്യയിലെ മുഴുവൻ ഡിജിറ്റൽ ഇക്കോസിസ്റ്റത്തിനും ഇത് ആശങ്കാജനകമാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ റോയിട്ടേഴ്സിനോട് പറഞ്ഞു. 2022 ഒക്ടോബറിൽ, ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം വിപണിയിൽ അതിന്റെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്യുകയും ഡവലപ്പർമാരെ അതിന്റെ ഇൻ-ആപ്പ് പേയ്മെന്റ് സിസ്റ്റം ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത രണ്ട് കേസുകളിലായി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിളിന് 275 മില്യൺ ഡോളർ (1,338 കോടി രൂപ) പിഴ ചുമത്തിയിരുന്നു.