ദില്ലി: പ്രതിപക്ഷത്തിന്റെ ശബ്ദം പാർലമെന്റിൽ ഉയരാൻ പാടില്ലെന്നു ഭരണകക്ഷി തീരുമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പെരളശ്ശേരിയിൽ ഇ.എം.എസ്, എ.കെ.ജി അനുസ്മരണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പാർലമെന്ററി ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തെ ഇളക്കിമറിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്ന സർക്കാരായി കേന്ദ്രസർക്കാർ മാറിയെന്നും മുഖ്യമന്ത്രി വിമർശിച്ചു. എല്ലാം ആർ.എസ്.എസിന്റെ കൈകളിലാകണമെന്നാണ് അവർ കരുതുന്നത്. ജുഡീഷ്യറിക്ക് സ്വതന്ത്ര സ്വഭാവം പാടില്ലെന്നും തങ്ങൾക്ക് അലോസരം ഉണ്ടാകാൻ പാടില്ലെന്നതുമാണ് ആർഎസ്എസിന്റെ നിലപാട്. സുപ്രീം കോടതിക്ക് പോലും കാര്യങ്ങൾ പരസ്യമായി പറയേണ്ടിവരുന്നുവെന്നും പിണറായി പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന ബിജെപി പാർലമെന്റിനെ നോക്കുകുത്തിയാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംഘപരിവാർ മുസ്ലീങ്ങൾക്കെതിരായ ആക്രമണം തുടരുകയാണ്. ചെറിയ ന്യൂനപക്ഷമായ ക്രിസ്ത്യാനികൾക്കെതിരെ എന്തെല്ലാം ആക്രമണമാണ് സംഘപരിവാർ നടത്തുന്നത്? മറ്റിടങ്ങളിൽ ക്രൈസ്തവർക്ക് കേരളത്തിലെ അന്തരീക്ഷമല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ചില മത വിഭാഗങ്ങളെ പ്രീണിപ്പിക്കാൻ സംഘപരിവാർ ശ്രമിക്കുന്നു. ചില പ്രധാനികളെ ഇവർ സമീപിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.