ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെ മീററ്റിൽ കാർ ആക്രമിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ഹൈദരാബാദ് എംപിയും ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവനുമായ അസദുദ്ദീൻ ഒവൈസിക്ക് ഇസഡ് (Z) കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.
എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസിയുടെ സുരക്ഷ ഇന്ത്യാ ഗവൺമെന്റ് അവലോകനം ചെയ്യുകയും അദ്ദേഹത്തിന് സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ഇസഡ് കാറ്റഗറി സുരക്ഷ നൽകുകയും ചെയ്തതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഉത്തർപ്രദേശിലെ മീററ്റിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വ്യാഴാഴ്ച എത്തിയ എഐഎംഐഎം നേതാവ് ഒവൈസിയുടെ കാർ ചില അജ്ഞാതർ ആക്രമിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെ അജ്ഞാതരായ ചിലർ തന്റെ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഒവൈസി ആരോപിച്ചു. ദേശീയ പാത 24-ലെ ഹാപൂർ-ഗാസിയാബാദ് സെക്ഷനിലെ ചിജാർസി ടോൾ പ്ലാസയ്ക്ക് സമീപത്തുവച്ചായിരുന്നു ഒവൈസിയുടെ കാറിന് നേരെ വെടിയുതിർത്തത്.
ഒവൈസിയുടെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിർത്ത രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് സൂപ്രണ്ട് ഹാപൂർ ദീപക് ഭുക്കർ പറഞ്ഞു. ഉത്തർപ്രദേശിലെ മീററ്റിൽ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുന്നിതിനിടെയാണ് സംഭവം. ഉത്തർപ്രദേശിലെ 403 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ ഏഴ് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കും.
