മനാമ: മുഹറഖിലെ ശൈഖ് ഇബ്രാഹിം ബിൻ മുഹമ്മദ് അൽ ഖലീഫ സെന്റർ ഫോർ കൾച്ചർ ആൻഡ് റിസർച്ചിൽ ബഹ്റൈനിലെ സിനിമയുടെ 100 വർഷം ആഘോഷിച്ചു. ചടങ്ങിൽ മൊറോക്കൻ സംവിധായകനായ മൊഹമ്മദ് അൽ റഹ്മാൻ അൽ താസിയുടെ ‘ഫാത്തിമ, അൺഫൊർഗെറ്റബിൾ സുൽത്താന’ എന്ന ചിത്രവും പ്രദർശിപ്പിച്ചു. ബഹ്റൈനിലെ സിനിമയുടെ 100 വർഷത്തെ ചരിത്രം അനാവരണം ചെയ്യുന്നതായിരുന്നു ആഘോഷപരിപാടി.
ബഹ്റൈനിലെ സിനിമയുടെ ചരിത്രം ആരംഭിക്കുന്നത് 1922-ൽ ആണ്. നൂറ് വർഷങ്ങൾക്ക് മുമ്പ്, 1922-ൽ ബഹ്റൈൻ നിശ്ശബ്ദമായി പ്രദേശത്തെ വിനോദ വ്യവസായത്തിൽ നാടകീയമായ മാറ്റത്തിന് കളമൊരുക്കി. ആ നിശബ്ദ വിപ്ലവത്തിന് പിന്നിൽ പ്രവർത്തിച്ചത് മഹ്മൂദ് അൽ സാത്തി ആയിരുന്നു.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ഒരു ചെറിയ പ്രൊജക്ടർ ഉപയോഗിച്ച് ഒരു നിശബ്ദ സിനിമ പ്രദർശിപ്പിച്ച് ബഹ്റൈനിലെ ജനങ്ങൾക്ക് വെള്ളിത്തിരയുടെ ആദ്യകാഴ്ചയൊരുക്കി. മനാമയുടെ വടക്കൻ തീരത്തുള്ള ഒരു കോട്ടേജിൽ താൽക്കാലിക സിനിമാശാല സ്ഥാപിച്ചായിരുന്നു പ്രദർശനം. ബഹ്റൈൻ സിനിമാവ്യവസായത്തിന്റെ ഒരു ചെറിയ ചുവടുവെപ്പായിരുന്നു അത്.
1937ൽ അബ്ദുല്ല അൽ സായിദും കൂട്ടാളികളും ചേർന്ന് രാജ്യത്തെ ആദ്യ തിയറ്റർ സ്ഥാപിച്ചു. എയർ കണ്ടീഷനിംഗോ മറ്റു സംവിധാനമോ ഇല്ലാതിരുന്നതിനാൽ, ഒരു തുറന്ന മേൽക്കൂരയുള്ള കെട്ടിടം ശൈത്യകാലത്ത് തിയേറ്ററായി മാറ്റി. അവിടെ ചുവരുകളിലൊന്ന് സ്ക്രീനാക്കിയാണ് പ്രദർശനം നടത്തിയിരുന്നത്. ഉം കുൽത്തും അഭിനയിച്ച ഈജിപ്ഷ്യൻ ചിത്രമായ വെദാദ് ആണ് ആദ്യം പ്രദർശിപ്പിച്ച ചിത്രം.
1930കളിലും 40കളിലും ഈജിപ്തിൽനിന്നുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളാണ് പ്രധാനമായും പ്രദർശിപ്പിച്ചിരുന്നത്. ചില അമേരിക്കൻ സിനിമകളും പ്രദർശനത്തിനെത്തിയിരുന്നു. 1940കളുടെ തുടക്കത്തിൽ ബഹ്റൈൻ പെട്രോളിയം കമ്പനി (ബാപ്കോ) തങ്ങളുടെ ജീവനക്കാർക്കായി അവാലിയിൽ ഒരു സിനിമ തിയറ്റർ ആരംഭിച്ചു. 1958ൽ അവാലിയിലെതന്നെ മറ്റൊരു കെട്ടിടത്തിലേക്ക് മാറിയ തിയറ്റർ 1991ൽ അടച്ചുപൂട്ടി.
1950 കളിലും 1960 കളിലും, പേൾ സിനിമ, അൽ ഹംറ സിനിമ, അൽ നാസർ സിനിമ, അവൽ സിനിമ എന്നിവയുൾപ്പെടെ എട്ട് പുതിയ സിനിമാശാലകൾ ബഹ്റൈനിലെ മനാമയിൽ തുറന്നു. മുഹറഖിൽ ആദ്യമായി തുറന്ന സിനിമ 1955ൽ അൽ ജാസിറ സിനിമയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, 1996-ൽ ഗോസി കോംപ്ലക്സിലെ ഡെൽമോൺ സിനിമാശാലയാണ് ബഹ്റൈനിൽ ആദ്യമായി തുറന്ന ആധുനിക ശൈലിയിലുള്ള സിനിമ, എന്നാൽ പിന്നീട് അത് അടച്ചുപൂട്ടി. ബഹ്റൈൻ സിനിമാ കമ്പനി 1998-ൽ സീഫ് മാളിലും 2000-ൽ സാറിലും സിനിമാ കോംപ്ലക്സുകൾ തുറന്നു. 2002-ൽ മനാമയിലെ ഡാന മാളിൽ ഡാന സിനിമ തുറന്നു.
പിന്നീട്, ബഹ്റൈൻ സിറ്റി സെന്ററിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സിനിപ്ലക്സായ 20 സ്ക്രീനുകളുള്ള ഒരു സിനിമാ കോംപ്ലക്സ് വന്നു. 2015 ജൂലൈയിൽ ബഹ്റൈന് നോവോ സിനിമയുടെ കീഴിൽ സീഫ് മാൾ മുഹറഖിൽ ആദ്യത്തെ ഐമാക്സ് തിയേറ്റർ ലഭിച്ചു. 2019 ജനുവരിയിൽ മെക്സിക്കൻ കമ്പനിയായ സിനിപോളിസ് ഉൾപ്പെടെ 2010-കളിൽ ബഹ്റൈൻ വിപണിയിൽ മറ്റ് സിനിമാ കമ്പനികൾ പ്രവേശിച്ചു.
മലയാളം ഉൾപ്പെടെ ഇന്ത്യൻ സിനിമകളും ക്രമേണ പ്രചാരം നേടി. ഇന്ന് വിവിധ ഭാഷകളിലെ സിനിമകൾ ബഹ്റൈനിലെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ തിയറ്ററുകളാണ് ഇപ്പോൾ സിനിമാപ്രേമികളെ സ്വീകരിക്കുന്നത്.