
ടെഹ്റാന്: ഒരു മാസത്തിലേറെയായി തുടരുന്ന പശ്ചിമേഷ്യന്‍ യുദ്ധത്തിന് താല്‍ക്കാലിക വിരാമം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഇറാനും അംഗീകരിച്ചു.
ആക്രമണ ഭീഷണികള്‍ ഇറാനും പിന്‍വലിച്ചു. രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിനാണ് ഇരുരാജ്യങ്ങളും സമ്മതിച്ചത്. പാകിസ്ഥാന്റെ മദ്ധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് വെടിനിര്‍ത്തല്‍ ധാരണയുണ്ടായതെന്ന് അറിയുന്നു.
വെടിനിര്‍ത്തല്‍ ട്രംപും ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സ്ഥിരീകരിച്ചു. അമേരിക്ക ആക്രമണങ്ങള്‍ നിര്‍ത്തിയതിനാല്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് നിബന്ധനകളോടെ സമ്മതിച്ചതായി ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചതായി അബ്ബാസ് അരാഗ്ചി പ്രസ്താവനയില്‍ പറഞ്ഞു. ഇറാന് സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ അടുത്ത രണ്ടാഴ്ചത്തേക്ക് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഫീല്‍ഡ് മാര്‍ഷല്‍ അസീം മുനീറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇന്ന് പുലര്‍ച്ചയോടെയാണ് ഇറാനില്‍ നടത്താനിരുന്ന വിനാശകരമായ സൈനിക നടപടി താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.


