കൊച്ചി: സിബിഎസ്ഇ സ്കൂളുകളിലെ ഫീസ് നിർണയം പരിശോധിക്കാൻ സർക്കാർ സംവിധാനം വേണമെന്ന് ഹൈക്കോടതി. വിഷയത്തിൽ ഒരാഴ്ച്യ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. സിബിഎസ്ഇ സ്കൂളുകളിലെ ഫീസ് നിർണയവും വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്നും പുറത്താക്കിയതും ഉൾപ്പെടെ ചോദ്യം ചെയ്ത് രക്ഷിതാക്കൾ നൽകിയ ഹർജിയിൽ വാദം കേൾക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.
ഫീസ് നിർണയത്തിൽ ഇടപെടാനാകില്ലെന്ന സിബിഎസ്ഇയുടെ നിലപാടിനോട് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. സ്കൂളുകളുടെ വരവ് – ചെലവ് കണക്കുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് കോടതി നേരത്തെ സിബിഎസ്ഇയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്കൂളുകളിലെ ഫീസ് നിർണയിക്കുന്നത് സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമാണെന്ന് സിബിഎസ്ഇ വ്യക്തമാക്കി.
ഇതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കോടതി വിഷയത്തിൽ എന്ത് ചെയ്യാനാകുമെന്ന് സർക്കാരിനോട് ചോദിച്ചു. കൊറോണ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള തുക മാത്രമെ ഫീസ് ആയി വാങ്ങാവൂവെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി കഴിഞ്ഞ ദിവസം സർക്കുലർ പുറത്തിറക്കിയിരുന്നുവെന്ന് സർക്കാർ ഇതിന് വിശദീകരണം നൽകി. എന്നാൽ ഇത് എങ്ങനെ നടപ്പാക്കുമെന്നതടക്കം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ബുധനാഴ്ച്യ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.