ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചു. 99.37 ശതമാനമാണ് വിജയം. 12.96 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഉപരി പഠനത്തിന് അര്‍ഹത നേടിയത്. ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് മികച്ച പ്രകടനം നടത്തിയത്. 0.54 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 70,000 വിദ്യാര്‍ഥികളാണ് 95 ശതമാനത്തിലധികം മാര്‍ക്ക് നേടിയത്. 1.50ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ഉണ്ട്. വര്‍ഷം നഷ്ടപ്പെടാതിരിക്കാന്‍ 6149 വിദ്യാര്‍ഥികള്‍ക്ക് കംപാര്‍ട്ട്മെന്റ് പരീക്ഷ എഴുതാന്‍ അവസരം ലഭിച്ചതായും സിബിഎസ്ഇ അറിയിച്ചു.
അഞ്ചു വിഷയത്തില്‍ ഒരെണ്ണത്തില്‍ തോല്‍ക്കുന്നവര്‍ക്കാണ് കംപാര്‍ട്ട്മെന്റ് പരീക്ഷ എഴുതി വര്‍ഷം നഷ്ടപ്പെടാതിരിക്കാന്‍ അവസരം ലഭിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഉന്നത പഠനത്തിന് മുന്‍ പരീക്ഷകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം നടത്തിയാണ് ഫലം പ്രഖ്യാപിച്ചത്.
65,000 വിദ്യാര്‍ഥികളുടെ പന്ത്രണ്ടാംക്ലാസ് പരീക്ഷാഫലം ഓഗസ്റ്റ് അഞ്ചിന് പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ഈ വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം പുരോഗമിക്കുകയാണ്. അതുകൊണ്ടാണ് ഇന്ന് മൊത്തം ഫലപ്രഖ്യാപനത്തോടൊപ്പം ഇവരുടെ ഫലം പുറത്തുവിടാതിരുന്നത്.
