കൊച്ചി: കുട്ടികളുടെ ഉള്‍പ്പെടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി പരിശോധന തുടരുന്നു. സൈബര്‍ ഡോം, ഹൈടെക്ക് എന്‍ക്വയറി സെല്‍ എന്നിവയുടെ നേതൃത്വത്തിലാണ് ‘ഓപ്പറേഷന് പി ഹണ്ട്’ എന്ന പേരിട്ടിരിക്കുന്ന റെയ്ഡ് നടക്കുന്നത്. ഇതുവരെ 150ഓളം മലയാളികള്‍ കുടുങ്ങിയതായാണ് സൂചന.
ലോക്ക് ഡൗണിനിടെ സൈബര്‍ ഡോം നടത്തിയ നിരീക്ഷണത്തിന്റെ ഭാഗമായാണ് ഓപ്പറേഷന് പി ഹണ്ട് ആരംഭിച്ചത്. കുട്ടികളുടേതുള്‍പ്പെടെ അശ്ലീല ദൃശ്യങ്ങളും വീഡിയോകളും വലിയ രീതിയില്‍ പ്രചരിപ്പിക്കുന്ന വലിയൊരു സംഘത്തെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിരുന്നു. ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 150ഓളം മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തെ, വാട്സ്ആപ്പ്, ടെലഗ്രാം എന്നിവയിലടക്കം മലയാളികള്‍ അഡ്മിനായുള്ള ആറ് ഗ്രൂപ്പുകള്‍ ഉണ്ടെന്നും കണ്ടെത്തിയിരുന്നു. . പോലീസ് ഉടന്‍ തന്നെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.