മനാമ: അറേബ്യയിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയം ഇന്ന് ബഹ്റൈനിലെ അവാലിയിൽ തുറന്നു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സമ്മാനിച്ച സ്ഥലത്ത് പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നിർമിച്ച ‘ഔർ ലേഡി ഓഫ് അറേബ്യ’ കത്തീഡ്രലിന്റെ ഉദ്ഘാടനം ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് അബ്ദുള്ള ബിൻ ഹമദ് അൽ ഖലീഫ നിർവഹിച്ചു.
മാർപാപ്പയെ പ്രതിനിധാനം ചെയ്ത് എത്തുന്ന സുവിശേഷവത്കരണ തിരുസംഘം അധ്യക്ഷൻ കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ, അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ് യൂജിൻ എം. ന്യൂജൻറ്, സതേൺ അറേബ്യ വികാരി അപ്പസ്തോലിക്കയും നോർത്തേൺ അറേബ്യ വികാരിയാത്തിന്റെ അഡ്മിനിസ്ട്രേറ്ററുമായ ബിഷപ് പോൾ ഹിൻഡർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവ ഉൾപ്പെടുന്ന നേർത്ത് അറേബ്യൻ അപ്പസ്തോലിക് വികാരിയാത്തിന് കീഴിലെ ഏറ്റവും വലിയ ദേവാലയമാണ് അവാലിയിൽ ഉദ്ഘാടനം ചെയ്തത്.
തലസ്ഥാനമായ മനാമയിൽനിന്ന് 20 കിലോമീറ്റർ അകലെ അവാലി മുനിസിപ്പാലിറ്റിയിൽ രാജാവ് സമ്മാനിച്ച 9,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് കത്തീഡ്രലും വികാരിയത്തിന്റെ ആസ്ഥാന കാര്യാലയവും നിർമിച്ചിരിക്കുന്നത്. ഏതാണ്ട് 95,000 ചതുരശ്ര അടിയിൽ നിർമിച്ചിരിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ഭാഗമായാണ് കത്തീഡ്രൽ സ്ഥിതി ചെയ്യുന്നത്. 2,300 വിശ്വാസികളെ ഉൾക്കൊള്ളാൻ കത്തീഡ്രവിന് കഴിയും. അണ്ടർ ഗ്രൗണ്ട് കാർ പാർക്ക്, ആധുനിക സൗകര്യങ്ങളോടുകൂടിയ പാസ്റ്ററൽ സെൻറർ, ബിഷപ് ഹൗസ് എന്നിവയും നിർമ്മിച്ചിട്ടുണ്ട്. ദേവാലയത്തിന്റെ കൂദാശകർമം നാളെ രാവിലെ 10ന് കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ നിർവഹിക്കും.
2013ല് ലൂർദ് മാതാവിന്റെ തിരുനാൾ ദിനമായ ഫെബ്രുവരി 11നാണ് കത്തീഡ്രൽ നിർമിക്കാനുള്ള തീരുമാനം ഉണ്ടായത്. ദൈവാലയ നിർമാണത്തിലും രാജാവിന്റെ പിന്തുണ ഉണ്ടായിരുന്നു. 2014 മേയ് 19ന് വത്തിക്കാൻ സന്ദർശന വേളയിൽ ബഹ്റൈൻ രാജാവ്, സമാധാനവും ഐക്യവും വളർത്തുന്നതിനുള്ള പ്രതിബദ്ധതയുടെ പ്രതീകമായി കത്തീഡ്രലിന്റെ ചെറുമാതൃക മാർപാപ്പയ്ക്ക് സമ്മാനിച്ചിരുന്നു. സമാധാനത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രതീകമായ ‘സമാധാന ദൂതന്റെ മെഡൽ’ പാപ്പ രാജാവിന് സമ്മാനിക്കുകയും ചെയ്തു. ഏതാണ്ട് 80,000ത്തോളം കത്തോലിക്കരാണ് ബഹ്റിനിലുള്ളത്. ഇതിൽ വലിയൊരു ശതമാനവും ഫിലിപ്പീൻസിസ്, ഇന്ത്യ എന്നീ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ്.