തിരുവനന്തപുരം: കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന ആവശ്യവുമായി സംവിധായകരായ ജിയോ ബേബിയും വിധു വിൻസെന്റും. സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ പ്രതിഷേധം കേൾക്കാതെ ഉത്തരേന്ത്യയിലേതിന് സമാനമായി ദീർഘകാലമായി ഇൻസ്റ്റിറ്റ്യൂട്ട് അടച്ചുപൂട്ടുന്ന ജനാധിപത്യ വിരുദ്ധ നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്.
അടൂർ ഗോപാലകൃഷ്ണനൊപ്പം ഇടതുപക്ഷ സർക്കാരിനും ജനാധിപത്യബോധം നഷ്ടപ്പെട്ടു. ഇടത് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പ്രമുഖ ജാതിയിൽപ്പെട്ട ഒരാളാണ് പരാതി ഉന്നയിച്ചതെങ്കിൽ സർക്കാർ ഇടപെടുമായിരുന്നു.
പഴയിടത്തിനടുത്തും ബിഷപ്പിന്റെ അടുത്തും പോയത് കേരളം കണ്ടിട്ടുണ്ടെന്നും ഇവർ പറഞ്ഞു. ആക്ടിവിസ്റ്റുകളായ ശ്രീജ നെയ്യാറ്റിൻകര, കുക്കു ദേവകി, ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി ജിതിൻ നാരായണൻ എന്നിവരും ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ പ്രതികരിച്ചു.