
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ സർവ്വീസിനേക്കാൾ വലിപ്പമുള്ളതാണ് എയ്ഡഡ് മേഖല. നിലവിൽ മാനേജ്മെൻ്റുകൾ വലിയ തുക കോഴ വാങ്ങി നിയമനം നടത്തുകയും ശമ്പളം സർക്കാർ നൽകുകയും ചെയ്യുന്ന രീതിയാണ് തുടർന്നു വരുന്നത്. സാമ്പത്തിക ശേഷിയുള്ളവർക്ക് മാത്രമാണ് ഇത്തരം മേഖലയിൽ നിയമനം ലഭിക്കുന്നത്. നിലവിൽ പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങൾക്ക് ഒരു ശതമാനം പോലും പ്രാതിനിധ്യം ഈ മേഖലയിലില്ല എന്ന പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. 1958 ലെ സുപ്രീം കോടതി വിധിയിൽ മാനേജ്മെൻ്റ് വിദ്യാലയങ്ങളിലെ നിയമനങ്ങൾ പി.എസ്.സി വഴിയാക്കുന്നതിന് നിയമ തടസമില്ല എന്ന് വിധിയുണ്ടായിട്ടും പിന്നീട് ഭരിച്ച ഇടത് – വലത് സർക്കാരുകൾ ജാതിമേധാവിത്വ ശക്തികൾക്ക് വഴങ്ങുകയാണ് ചെയ്തത്. കേന്ദ്ര – സംസ്ഥാന സർവ്വീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ജാതി തിരിച്ച പട്ടിക സർക്കാർ പ്രസിദ്ധീകരിക്കണം. ഒരു പഠനവും നടത്താത്തെ അതിവേഗത്തിൽ ഇന്ത്യയിൽ ആദ്യമായി സാമ്പത്തിക സംവരണം നടപ്പിലാക്കിയ ഇടതു സർക്കാർ ജാതി സെൻസസിനോട് പുറംതിരിഞ്ഞ് നിൽക്കരുത്.

സമ്പൂർണ്ണമായ സെൻസസ് നടത്തുന്നതിലൂടെ ലഭിക്കുന്ന ശരിയായ ഡാറ്റയിലൂടെ മാത്രമേ അനധികൃതമായി രാജ്യത്തിൻറെ അധികാരവും വിഭവങ്ങളും കൈവശം വെക്കുന്നവർ ഏതൊക്കെ വിഭാഗങ്ങളാണ് എന്ന് വ്യക്തമാവുക. രാജ്യത്തെ വിദ്യാഭ്യാസ അധികാര സാമൂഹിക രംഗങ്ങളിൽ രാജ്യത്തെ മുഴുവൻ വിഭാഗങ്ങളുടെയും പ്രാതിനിധ്യമാണ് നീതി. അതിനെ അട്ടിമറിക്കുന്ന ഏത് നീക്കവും പ്രതിഷേധാർഹമാണ് എന്ന് പ്രവാസി വെൽഫെയർ മനാമ സോണൽ സമ്മേളനത്തിൽ മുഹമ്മദലി മലപ്പുറം അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കി.
പ്രവാസി വെൽഫെയർ മനാമ സോണൽ പ്രസിഡന്റ് അബ്ദുല്ല കുറ്റിയാടി അധ്യക്ഷത വഹിച്ച മനാമ സോണൽ സമ്മേളനം പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ ഉൽഘാടനം ചെയ്തു. നമ്മുടെ രാഷ്ട്രീയ സാമൂഹ്യ ചരിത്ര സമീപനം എന്ന വിഷയത്തിൽ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലിയും ക്ഷേമരാഷ്ട്രം എന്ന വിഷയത്തിൽ ഷിജിന ആഷിഖും സംസാരിച്ചു. പ്രവാസി വെൽഫെയർ മനാമ സോണൽ സെക്രട്ടറി റാഷിദ് കോട്ടക്കൽ സംഘടനാ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചകൾക്ക് പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ നേതൃത്വം നൽകി. ജാഫർ പി. സ്വാഗതവും അനസ് കാഞ്ഞിരപ്പള്ളി നന്ദിയും പറഞ്ഞു.
