കോട്ടയം: വൈക്കം മുളക്കുളം പഞ്ചായത്തിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. കുഴിച്ചിട്ട നായ്ക്കളെ പുറത്തെടുത്ത് ഇന്ന് തന്നെ പോസ്റ്റുമോർട്ടം നടത്തും. ടി.എം.സദൻ എന്നയാള്‍ വെള്ളൂര്‍ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് നടപടി.
കടുത്തുരുത്തി, പെരുവ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പത്തോളം തെരുവുനായ്ക്കൾ ആണ് ചത്തൊടുങ്ങിയത്. പ്രദേശത്ത് നാട്ടുകാർക്ക് നിരവധി തവണ കടിയേറ്റിട്ടുണ്ട്. എന്നാൽ അധികൃതർ നടപടിയെടുക്കാത്തതിനെ തുടർന്ന് നായ്ക്കളെ വിഷം നൽകി കൊന്നതാണെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.