ബെംഗളൂരു: കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പയ്ക്കെതിരെ കർണാടകത്തിൽ ഉഡുപ്പി പോലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 306-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കോൺട്രാക്ടർ ആത്മഹത്യ ചെയ്തതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആത്മഹത്യ ചെയ്ത സന്തോഷ് പട്ടീലിന്റെ സഹോദരൻ പ്രശാന്ത് പാട്ടീൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ ഫയൽ ചെയ്തു. അതിൽ മന്ത്രിയുടെ രണ്ട് കൂട്ടാളികളായ ബസവരാജ്, രമേഷ് എന്നിവരുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗ്രാമവികസന-പഞ്ചായത്ത് രാജ് വകുപ്പിന് കീഴിലുള്ള 4 കോടി രൂപയുടെ പ്രവൃത്തിയിൽ മന്ത്രിയുടെ കൂട്ടാളികൾ 40 ശതമാനം കമ്മീഷൻ ആവശ്യപ്പെടുകയാണെന്ന് പാട്ടീൽ ആരോപിച്ചു.ഉഡുപ്പിയിലെ ഒരു ലോഡ്ജിൽ നിന്ന് ഇന്നലെയാണ് സന്തോഷ് പട്ടീലിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തത്. ആത്മഹത്യാ കുറിപ്പിൽ തന്റെ മരണത്തിന് ഉത്തരവാദി ഈശ്വരപ്പയാണെന്ന് ആരോപിക്കുന്നുണ്ട്.
