
കോഴിക്കോട്: വടകരയിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസില്‍ 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. ബ്ലോക്ക് ഭാരവാഹികൾ അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പ്രതിഷേധ സൂചകമായി യുഡിവൈഎഫ് നടത്തിയ റോഡ് ഉപരോധത്തിൽ ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ഷാഫി പറമ്പിൽ എംപിയെ വടകരയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത്. ടൗൺഹാളിന് സമീപം ഷാഫിയുടെ കാർ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. തുടർന്ന് ഷാഫി കാറിൽ നിന്ന് പുറത്തിറങ്ങി പ്രവർത്തകരുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു. കെ കെ രമ എംഎൽഎ മുൻകൈയെടുത്ത് വടകര ടൗൺഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷിക്കാർക്കുള്ള ഓണം പരിപാടി ഉദ്ഘാടനം ചെയ്ത് തിരിച്ചു പോകുമ്പോഴാണ് ഒരുപറ്റം ഡിവൈഎഫ്ഐ പ്രവർത്തകർ ഷാഫി പറമ്പിലിന്റെ കാറിനു മുന്നിലേക്ക് ചാടി വീണത്. പ്രാദേശിക ഡിവൈഎഫ്ഐ പ്രവർത്തകൻ ഷാഫിയെ അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ഷാഫി കാറിൽ നിന്നിറങ്ങി ഇവർക്ക് മറുപടി നൽകി. വാഗ്വാദം അഞ്ച് മിനിറ്റോളം നീണ്ടു.
