കാസർകോട്: മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസിൽ ബി.ജെ.പി നേതാവ് അനിൽ ആന്റണിക്കെതിരെ കേസ്. കാസർകോട് സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അനിൽ ആന്റണിയെ പ്രതിചേർത്തത്. കാസർകോട് കുമ്പളയിൽ വിദ്യാർഥികൾ ബസ് തടഞ്ഞ ദൃശ്യങ്ങൾ വിദ്യേഷ പ്രചരണത്തിന് ഉപയോഗിച്ചുവെന്നാണ് ആരോപണം.
വിദ്യാർഥികളും ബസ് യാത്രക്കാരിയും തമ്മിലുണ്ടായ തർക്കത്തെ വർഗീയനിറം കലർത്തി സംഘ്പരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതിനിടെയായിരുന്നു അനിൽ ആന്റണിയുടെ ട്വീറ്റ്. ‘വടക്കൻ കേരളത്തിൽ ബുർഖ ധരിക്കാതെ ബസിൽ യാത്ര ചെയ്യാനാവില്ല’ എന്നാണ് ട്വീറ്റിൽ പറയുന്നത്.
കേരളത്തിൽ ബുർഖ ധരിക്കാത്ത ഹിന്ദു സ്ത്രീയെ മുസ്ലിം വിദ്യാർഥിനികൾ ബസിൽ നിന്ന് ഇറക്കിവിടുന്നു എന്ന തലക്കെട്ടോടെയാണ് കുമ്പളയിലെ വിഡിയോ സംഘ്പരിവാർ കേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്. യഥാർഥത്തിൽ, കുമ്പളയിലെ ഒരു കോളജിലെ വിദ്യാർഥിനികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ തർക്കമായിരുന്നു വിഡിയോ. ഇതിൽ ഇടപെട്ട ഒരു യാത്രക്കാരിയും വിദ്യാർഥിനികളും തമ്മിലാണ് വാഗ്വാദമുണ്ടായത്. സംഭവത്തിൽ യാതൊരു വർഗീയ ചുവയും ഇല്ലെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു.
എന്നാൽ കേരളത്തിന്റെ മതേതരത്വത്തെ പരിഹസിച്ചുകൊണ്ടായിരുന്നു അനിൽ ആന്റണിയുടെ ട്വീറ്റ്. ഇതാണ് ഇൻഡ്യ മുന്നണിയും കോൺഗ്രസും സി.പി.എമ്മും രാജ്യമാകെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മതേതരത്വമെന്നായിരുന്നു അനിലിന്റെ പരിഹാസം. ഹമാസിന്റെ നടപടികളെ കോൺഗ്രസും സി.പി.എമ്മും സായുധ പ്രതിരോധമായാണ് കാണുന്നത്. ഈ രാഷ്ട്രീയ നേതൃത്വത്തിന് കീഴിൽ കേരളം മൗലികവാദത്തിന്റെയും തീവ്രവാദത്തിന്റെയും വിളനിലമാവുകയാണെന്നും അനിൽ ആന്റണി പറയുന്നു.
എന്നാൽ, കുമ്പളയിലെ സംഭവത്തിന്റെ യാഥാർഥ്യം സമൂഹമാധ്യമങ്ങൾ തുറന്നുകാട്ടിയതോടെ അനിൽ ആന്റണി ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു. ഫാക്ട് ചെക്കർ മുഹമ്മദ് സുബൈർ അനിൽ ആന്റണിയുടെ വിദ്വേഷ പ്രചാരണത്തെ എക്സിൽ തുറന്നുകാട്ടിയിരുന്നു. മലയാളിയായിരുന്നിട്ട് പോലും യജമാനന്മാരെ പ്രീതിപ്പെടുത്താൻ നുണ പ്രചരിപ്പിക്കുകയാണ് അനിൽ ആന്റണിയെന്നായിരുന്നു സുബൈറിന്റെ ട്വീറ്റ്. ഇതിന് മറുപടിയായി ‘ഡിജിറ്റൽ ജിഹാദി ഫാക്ട് ചെക്കർ’ എന്നാണ് സുബൈറിനെ അനിൽ ആന്റണി വിശേഷിപ്പിച്ചത്.