ശ്രീകൃഷ്ണപുരം : ജനുവരി 15 പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ച് നിരാലംബരായ രോഗികളുടെ ക്ഷേമത്തിനായി ശേഖരിച്ച തുകയുമായി വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ പുതുക്കൊള്ളി വീട്ടിൽ രാമകൃഷ്ണന്റെ ശിവമയം എന്ന ഓട്ടോ തള്ളിയാണ് സ്റ്റാർട്ട് ആയത്. ബാറ്ററി മാറ്റി വെക്കാനുള്ള തുകപോലും അദ്ദേഹം സാധുരോഗികൾക്കായി മാറ്റിവെക്കുന്നു.
ശ്രീകൃഷ്ണപുരം ആശുപത്രിപ്പടിയിലെ ഓട്ടോസ്റ്റാൻഡിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. സ്നേഹ സ്പർശം പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ പ്രവർത്തനത്തിനായാണ് ഒരു ദിവസത്തെ ഓട്ടം മാറ്റി വച്ചത്. 25 വർഷമായി രാമകൃഷ്ണൻ ഓട്ടോറിക്ഷ തൊഴിലാളിയാണ്.
ആധാർ വിതരണ കാലത്ത് കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ എന്നിവരുമായി അക്ഷയ സെന്ററിൽ എത്താൻ തുടങ്ങിയതോടെ അവർക്ക് വേണ്ടി തന്നാൽ കഴിയുന്ന സഹായം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ കയറിയവരെല്ലാം മീറ്റർ ചാർജ് കൂടാതെ കൂടുതൽ തുക നൽകി. ഓട്ടോയിൽ സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾ പോലും കൊച്ചു സംഭാവനകൾ നൽകിയെന്ന് രാമകൃഷ്ണൻ പറയുന്നു. പാലിയേറ്റിവ് കെയറിന്റെ പ്രാധാന്യം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് രാമകൃഷ്ണന്റെ പ്രധാന ലക്ഷ്യം. ഭാര്യ സുമ, മക്കളായ ശങ്കർ മഹാദേവൻ, ലക്ഷ്മി എന്നിവർ എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ട്.