കൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാടിൽ കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരിക്കെതിരെ ക്രിമിനൽ കേസ് എടുക്കാനാകില്ലെന്നു പോലീസ് വ്യക്തമാക്കി. ഭൂമി ഇടപാടിൽ ഗൂഢാലോചന നടന്നിട്ടില്ലെന്നും ആലഞ്ചേരി സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെന്നും കേസ് അവസാനിപ്പിക്കാൻ അനുമതി തേടി പോലീസ് കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിൽ പറയുന്നു. സഭക്ക് കീഴിൽ മറ്റുരിൽ മെഡിക്കൽ കോളേജ് തുടങ്ങാനായി 58 കോടി രൂപയുടെ വായ്പ എടുത്തിരുന്നു. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെയാണ് എറണാകുളം നഗരത്തിലടക്കം ആറിടങ്ങളിലുള്ള ഭൂമി വിൽക്കാൻ തീരുമാനിച്ചത്. സഭയുടെ വിവിധ സമിതികളിൽ ആലോചിച്ചാണ് ഭൂമി വിൽപ്പനയ്ക്ക് തീരുമാനിച്ചതെന്നും ക്രിമിനൽ ഗൂഡാലോചന ഇല്ലെന്നുമാണ് കണ്ടെത്തൽ.
ആരോപണത്തിന് പിന്നിൽ സഭയിലെ തര്‍ക്കമാണെന്നും ഒരു വിഭാഗം കര്‍ദിനാളിനെതിരായി ഇത് ആയുധമാക്കിയെന്നുമാണ് പോലീസ് പറയുന്നത്. ക്രിമിനൽ കേസ് നിലനിൽക്കില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കണമെന്നാണ് പൊലീസ് നൽകിയ റിപ്പോര്‍ട്ട്.