തൃശ്ശൂർ: തൃശൂർ എറവിൽ കാറും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന എൽത്തുരുത്ത് സ്വദേശികളാണ് മരിച്ചത്. ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു അപകടം. ഭർത്താവും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബമാണ് അപകടത്തിൽ പെട്ടതെന്നാണ് റിപ്പോർട്ട്. രണ്ട് പേരുടെ മൃതദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരുടെ മൃതദേഹം ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
കാഞ്ഞാണിയില്‍നിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്ന കാറും വാടാനപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. ഇടുങ്ങിയ വഴിയിലൂടെ മറ്റൊരു കാറിനെ മറികടന്ന് മുന്നോട്ട് പോകുന്നതിനിടെയാണ് എതിര്‍ദിശയില്‍നിന്ന് വന്ന ബസില്‍ കാര്‍ ഇടിച്ചുകയറിയത്. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലായിരുന്നു.
രണ്ടുപേരെ തൃശ്ശൂര്‍ നഗരത്തിലെ അശ്വിനി ആശുപത്രിയിലും രണ്ട് പേരെ ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എല്‍ത്തുരുത്ത് സ്വദേശി വിന്‍സന്റ്, ഭാര്യ മേരി, തോമസ്, ജോര്‍ജി എന്നിവരാണ് മരിച്ചത്.