മനാമ: മനാമ സംരംഭകത്വ വാരത്തിന്റെ എട്ടാം പതിപ്പിന് തുടക്കമായി. ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫയാണ് മനാമ സംരംഭകത്വ വാരത്തിന്റെ ഉത്ഘാടനം നിർവഹിച്ചത്. സുസ്ഥിര വികസനവുമായി മുന്നോട്ടുപോകുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ചെറുകിട ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾ സ്വീകരിക്കുന്നതിൽ ഗവർണറേറ്റിന്റെ താൽപ്പര്യം ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ ഊന്നിപ്പറഞ്ഞു.
ലേബർ ഫണ്ടിന്റെ (തംകീൻ) പങ്കാളിത്തത്തോടെയാണ് ക്യാപിറ്റൽ ഗവർണറേറ്റ് സംരംഭകത്വ വാരം സംഘടിപ്പിക്കുന്നത്. നവംബർ 27 മുതൽ ഡിസംബർ 1 വരെ നടക്കുന്ന പരിപാടി “നവോത്ഥാനവും നവീകരണവും” എന്ന പ്രമേയത്തിന് കീഴിലാണ് സംഘടിപ്പിക്കുന്നത്. ബഹ്റൈനിൽ നിന്നും ലോകമെമ്പാടുമുള്ള 70-ലധികം വിദഗ്ധരും സംരംഭകത്വ വിദഗ്ധരും അവതരിപ്പിക്കുന്ന 40 ലധികം വർക്ക് ഷോപ്പുകളും പാനൽ ചർച്ചകളും മനാമ സംരംഭകത്വ വാരത്തിൽ അവതരിപ്പിക്കുന്നു.
ബഹ്റൈൻ യുവാക്കൾക്കിടയിൽ സംരംഭകത്വ സംസ്കാരം കൂടുതൽ ഊട്ടിയുറപ്പിക്കാനും അവരുടെ സ്വകാര്യ പ്രോജക്ടുകൾ സ്ഥാപിക്കാനും ബിസിനസുകൾ വിപുലീകരിക്കാനും പ്രചോദിപ്പിക്കുന്നതിനാണ് പരിപാടി തുടർച്ചയായി സംഘടിപ്പിക്കുന്നത്. സംരംഭകത്വ മേഖലയിൽ ഉണർന്നു പ്രവർത്തിക്കുന്നത് സർഗ്ഗാത്മകതയ്ക്കും യുവാക്കൾക്ക് വിശാലമായ സാധ്യതകൾ സൃഷ്ടിക്കുന്നതിനും കാരണമാകും.