ന്യൂഡൽഹി: കേരളത്തിലെ ക്രിസ്ത്യൻ വോട്ടുബാങ്കിനെ സ്വാധീനിക്കാൻ ബി.ജെ.പിക്ക് കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. കേരളം സന്ദർശിച്ച കേന്ദ്രമന്ത്രിമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് വിമർശനം. ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാൻ അനുകൂലമായ അന്തരീക്ഷമുണ്ടെങ്കിലും അത് സാധിക്കുന്നില്ല.
മറ്റ് പാർട്ടികളിൽ നിന്നുള്ള പലരും ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവരെ കൊണ്ടുവരാൻ പാർട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തമിഴ്നാട്ടിലെയും തെലങ്കാനയിലെയും അന്തരീക്ഷം കേരളത്തെ അപേക്ഷിച്ച് പ്രതികൂലമാണെങ്കിലും സംഘടനാ സംവിധാനം മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യത ഉണ്ടായിരുന്നിട്ടും പരാജയപ്പെട്ട 144 ലോക്സഭാ മണ്ഡലങ്ങൾ സന്ദർശിച്ച കേന്ദ്ര മന്ത്രിമാർ നേരിട്ട് തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയും അടങ്ങുന്ന സമിതി ഇന്നലെ പരിശോധിച്ചിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ ലോക്സഭാ മണ്ഡലങ്ങളാണ് കേരളത്തിൽനിന്ന് പരിഗണനയ്ക്കു വന്നത്. ഒക്ടോബർ മുതൽ ജനുവരി വരെയുള്ള കാലയളവിൽ ഈ 144 ലോക്സഭാ മണ്ഡലങ്ങൾ കേന്ദ്രമന്ത്രിമാർ വീണ്ടും സന്ദർശിക്കും.