ന്യൂഡൽഹി: അദാനി വിഷയത്തിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിമർശനം കടുപ്പിച്ച് രാഹുൽ ഗാന്ധി. അദാനിക്ക് വേണ്ടി നിയമങ്ങൾ മാറ്റിയെഴുതുകയാണെന്നും രാഹുൽ വിമർശിച്ചു. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
അദാനിയും മോദിയും തമ്മിൽ ദീർഘകാലമായി ബന്ധമുണ്ട്. അദാനി ഷെൽ കമ്പനിയിൽ നിക്ഷേപിച്ച കോടികൾ ആരുടേതാണ്. പാർലമെന്റിൽ തെളിവുകൾ സഹിതമാണ് ഈ ചോദ്യം ഉന്നയിച്ചത്. അദാനിയും മോദിയും തമ്മിലുള്ള ബന്ധം ആഴമേറിയതും പഴക്കം ചെന്നതുമാണ്. ഈ ബന്ധം സഭയിൽ ഉന്നയിച്ചതിനാണ് അയോഗ്യനാക്കിയത്. അയോഗ്യനാക്കിയതു കൊണ്ടും ഭീഷണിപ്പെടുത്തൽ കൊണ്ടും തന്നെ നിശബ്ദനാക്കാൻ കഴിയില്ലെന്നും രാഹുൽ പറഞ്ഞു.