
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിക്കാനുള്ള തീരുമാനത്തിൽ നിന്ന് മുനമ്പം സമര സമിതി കൺവീനർ ജോസഫ് ബെന്നി പിൻമാറി. വഖഫ് വിഷയത്തിൽ പരിഹാരമാകാത്ത സാഹചര്യത്തിൽ ഒരു മുന്നണിയുടെ ഭാഗമായി മൽസരിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് സമര സമിതിയിൽ അഭിപ്രായമുയർന്നതോടെയാണ് പിൻമാറ്റം. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് മുനമ്പം ഡിവിഷനിൽ നിന്ന് മുനമ്പം സമര സമിതി കൺവീനറെ മൽസരിപ്പിക്കാനായിരുന്നു യുഡിഎഫ് നീക്കം.
മുനമ്പം ഭൂസമര സമിതിയുടെ കണ്‍വീനറെ സ്ഥാനാര്‍ഥിയാക്കി സമര സമിതിയെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്. സമര സമിതി കണ്‍വീനര്‍ ജോസഫ് ബെന്നിയെ വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിന്റെ മുനമ്പം ഡിവിഷനില്‍ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായിരുന്നു. സമര സമിതി രാഷ്ട്രീയ നിലപാട് എടുത്തിട്ടില്ലെന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നുമായിരുന്നു സമര സമിതി രക്ഷാധികാരി ഫാദര്‍ ആന്റണി സേവ്യറുടെ പ്രതികരണം. മുനമ്പം വിഷയത്തില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കാനുളള ബിജെപി ശ്രമങ്ങള്‍ക്കിടെയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ സമര സമിതിയെ ഒപ്പം നിര്‍ത്താനുളള നീക്കം നടന്നത്.


