കാൻ ഫിലിം ഫെസ്റ്റിവലിലെ ചുവന്ന പരവതാനിയിൽ അപ്രതീക്ഷിതമായി ഒരു യുവതി വിവസ്ത്രയായി പ്രത്യക്ഷപ്പെട്ടത് കാണികളെ അമ്പരപ്പിച്ചു. ഉക്രൈനിലെ അക്രമണങ്ങൾക്കെതിരെ യുവതി നടത്തിയ പ്രതിഷേധമായിരുന്നു ഇത്. മുമ്പ് റഷ്യൻ സൈന്യം കൈവശപ്പെടുത്തിയിരുന്ന പ്രദേശങ്ങളിൽ, ചെറിയ കുട്ടികളെവരെ ലൈംഗികമായി ആക്രമിച്ചതുൾപ്പെടെ നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു യുവതിയുടെ പ്രതിഷേധം.

ഫ്രഞ്ച് റിവിയേര നഗരത്തിൽ മെയ് 28 വരെ നടക്കുന്ന 75-ാമത് കാൻ ഫെസ്റ്റിവലിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം. ‘ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് അവസാനിപ്പിക്കൂ’ എന്ന് യുവതിയുടെ ദേഹത്ത് എഴുതിയിരുന്നു.

ശരീരത്തിൽ പലയിടങ്ങളിലായി ചുവന്ന ചായവും പൂശിയിട്ടുണ്ട്. ചുവന്ന നിറമുള്ള അടിവസ്ത്രം മാത്രം ധരിച്ച പ്രതിഷേധക്കാരി മുദ്രാവാക്യങ്ങൾ വിളിക്കുകയും ഫോട്ടോഗ്രാഫർക്ക് പോസ് ചെയ്യുകയും ചെയ്തു. ടിൽഡ സ്വിന്റണും ഇദ്രിസ് എൽബയും ഉൾപ്പെടെയുള്ള അതിഥികളുടെ പരേഡിനെ പ്രശ്നം തടസ്സപ്പെടുത്തി.
