മനാമ: ബഹ്റൈനിൽ സജീവമായ കേസുകളുടെ കോൺടാക്റ്റുകൾക്കുള്ള മുൻകരുതൽ ഐസൊലേഷൻ റദ്ദാക്കുന്നതായി ദേശീയ കോവിഡ് പ്രതിരോധ സമിതി പ്രഖ്യാപിച്ചു. ഗവൺമെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തെത്തുടർന്നാണ് തീരുമാനം. ഫെബ്രുവരി 20 ഞായറാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ബി അവെയർ (BeAware) ആപ്ലിക്കേഷനിൽ പച്ച ഷീൽഡ് കൈവശം വയ്ക്കാത്ത വ്യക്തികളും ഇതിൽ ഉൾപ്പെടുന്നു. കോവിഡ്-19 അനുബന്ധ ലക്ഷണങ്ങൾ അനുഭവിക്കുന്ന വ്യക്തികൾക്കായി മാത്രമേ ഇനി മുതൽ പിസിആർ പരിശോധനകൾ നടത്തുകയുള്ളൂ.
കോവിഡ്-19 അനുബന്ധ ലക്ഷണങ്ങൾ ഉള്ളവർക്ക് ആദ്യം ഒരു റാപ്പിഡ് ടെസ്റ്റ് നടത്തുന്നു. റാപ്പിഡ് ടെസ്റ്റിന്റെ ഫലം പോസിറ്റീവ് ആണെങ്കിൽ, പിസിആർ ടെസ്റ്റ് നടത്തുന്നതിന് വ്യക്തികൾ നേരിട്ട് ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സെന്ററുകളിലേക്ക് പോകണം. അല്ലെങ്കിൽ ഒരു സ്വകാര്യ ആശുപത്രിയിൽ പിസിആർ ടെസ്റ്റ് നടത്താം.
കോവിഡ് ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ ബി അവെയർ ആപ്ലിക്കേഷൻ വഴിയും പിസിആർ പരിശോധനയ്ക്കായി ബുക്ക് ചെയ്യാം. പിസിആർ പരിശോധനയ്ക്കായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ 444 എന്ന നമ്പറിൽ വിളിക്കുകയും ചെയ്യാം.
രാജ്യത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി മുൻകരുതൽ നടപടികളും പ്രോട്ടോക്കോളുകളുടെ തുടർന്നും പാലിക്കണമെന്ന് ദേശീയ കോവിഡ് പ്രതിരോധ സമിതി അറിയിച്ചു.
