ഒട്ടാവ: ഖാലിസ്ഥാൻ അനുകൂല നിലപാട് സ്വീകരിക്കുന്ന കാനഡയ്ക്കെതിരെ ഇന്ത്യ സ്വരം കടുപ്പിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ഇതിനു പിന്നാലെ കനേഡിയൻ വ്യാപാര മന്ത്രി മേരി ഇംഗിന്റെ ഇന്ത്യാ സന്ദർശനം മാറ്റി. അടുത്ത മാസം 9നാണ് മന്ത്രി എത്തേണ്ടിയിരുന്നത്. തീരുമാനത്തിന് കാരണം വ്യക്തമാക്കിയിട്ടില്ല. വ്യാപാര ബന്ധം സംബന്ധിച്ച ചർച്ചകളായിരുന്നു മേരി ഇംഗിന്റെ സന്ദർശനത്തിന്റെ ലക്ഷ്യം.
കാനഡയിൽ ഖാലിസ്ഥാൻവാദികൾ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കും ആക്രമണങ്ങൾക്കുമെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചിരുന്നു. ഇതിന് പിന്നാലെ, ഇന്ത്യ-കാനഡ സ്വതന്ത്ര വ്യാപാര കരാറിനുള്ള ചർച്ചകൾ താത്കാലികമായി നിറുത്തിയെന്ന് ഈ മാസം ആദ്യം കാനഡ അറിയിക്കുകയായിരുന്നു. രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിച്ചതിന് ശേഷം മാത്രമേ ചർച്ച പുനരാരംഭിക്കു. ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരെ കർശ്ശന നടപടി സ്വീകരിക്കാത്തതിലുള്ള പ്രതിഷേധം ജി 20 ഉച്ചകോടിയ്ക്കിടെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ചിരുന്നു.
20 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി സാധാരണ കൂടിക്കാഴ്ചയാണ് നടത്തിയത്. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നേരെയുള്ള ഖാലിസ്ഥാൻ ഭീഷണി തുടരുന്നതടക്കമുള്ള വിഷയങ്ങൾ മോദി കൂടിക്കാഴ്ചയ്ക്കിടെ ഉന്നയിച്ചു. ട്രൂഡോയെ ഉഭയകക്ഷി ചർച്ചയിൽ നിന്ന് മാറ്റിനിറുത്തിയതിലൂടെ തന്നെ വിഷയത്തിലെ അതൃപ്തി ഇന്ത്യ വ്യക്തമാക്കി.അതിനിടെ, അന്നേദിവസം കാനഡയിലെ സറീയിൽ ഖാലിസ്ഥാൻവാദികൾ ഭീഷണി മുഴക്കിയിരുന്നു. ഭീകരൻ ഗുർപന്ത് സിംഗ് പന്നു മോദിക്കും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനുമെതിരെ ഭീഷണി മുഴക്കി. കനേഡിയൻ സർക്കാർ പ്രതികരിക്കാത്തതിനാൽ ഒക്ടോബർ 29ന് മറ്റൊരു ഹിതപരിശോധന കൂടി നടത്താനുള്ള നീക്കത്തിലാണ് ഖാലിസ്ഥാൻവാദികൾ. വിഘടനവാദ പ്രവർത്തനങ്ങളെ ‘ ആവിഷ്കാര സ്വതന്ത്ര്യത്തിന്റെ ‘ പ്രകടനമെന്നാണ് ട്രൂഡോ മുമ്പ് പറഞ്ഞത്.