ജാർഖണ്ഡ്: ജാർഖണ്ഡിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്ടറിൽ നിന്ന് പിടിവിട്ടാണ് മൂന്നാമത്തെയാൾ മരിച്ചത്. കയറിൽ തൂങ്ങി സാഹസികമായി ഹെലികോപ്ടറിൽ കയറാൻ ശ്രമിക്കുന്നതിനിടെ കൈവിട്ട് താഴേക്കു വീഴുകയായിരുന്നു. 27 പേരെ ഇതുവരെ രക്ഷിക്കാനായി. കൂടുതൽ പേര് കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ദിയോഘർ ജില്ലയിലെ ബാബാ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപം ത്രികുത് ഹിൽസിലാണ് അപകടമുണ്ടായത്. ഇവിടുത്തെ റോപ്പ് വേയിൽ 12 കേബിൾ കാറുകളുണ്ട്. ഇതിലെല്ലാമായി കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 24 മണിക്കൂറിലധികമായി ആളുകൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.
കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഡ്രോൺ ഉപയോഗിച്ച് ഭക്ഷണമെത്തിച്ചു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അപകടമുണ്ടായത്. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു സ്വകാര്യസ്ഥാപനം നടത്തുന്ന റോപ്പ് വെയിലാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം നടത്തിയതിന് ശേഷം അന്വേഷണം ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. വ്യോമസേനയുടെ മിഗ് 17 ഹെലികോപ്റ്റർ ഉൾപ്പെടെ ദ്രുതപ്രതികരണസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
