ന്യൂഡല്‍ഹി: ടാറ്റ മോട്ടോഴ്സിന്റെ പ്രതിരോധ നിർമ്മാണ വിഭാഗമായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റവും(ടിഎഎസ്എൽ) യൂറോപ്യന്‍ വിമാനനിര്‍മാതാക്കളിലെ വമ്പന്‍ എയര്‍ബസും സംയുക്തമായി, ഇന്ത്യൻ വ്യോമസേനയ്ക്കായി സി-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് നിർമ്മിക്കും.
ഗുജറാത്തിലെ വഡോദരയിലാണ് നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നത്. ഒക്ടോബർ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്ലാന്റിന് തറക്കല്ലിടും. ഇതാദ്യമായാണ് യൂറോപ്പിന് പുറത്ത് സി-295 വിമാനം നിർമിക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി അജയ് കുമാർ പറഞ്ഞു.
2021 സെപ്റ്റംബറിൽ, 56 സി -295 ട്രാൻസ്പോർട്ട് വിമാനങ്ങൾ വാങ്ങുന്നതിനായി എയർബസ് ഡിഫൻസ് ആൻഡ് സ്പേസുമായി ഇന്ത്യ ഏകദേശം 21,000 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചിരുന്നു. ഇന്ത്യൻ വ്യോമസേനയിലെ ഏറ്റവും പഴക്കമേറിയ അവ്രോ-748 വിമാനത്തിന് പകരമായിരിക്കും സി-295 വിമാനം.