ഡൽഹി: വ്യോമസേനക്ക് കരുത്തായി ഇന്ന് മുതൽ സി 295 വിമാനവും. ഏത് കാലവസ്ഥയിലും രാത്രിയിലും പകലും പറക്കുമെന്നതാണ് പ്രത്യേകത. മരുഭൂമിയിലും കടലിനു മുകളിലും രാവും പകലും പറക്കാൻ സാധിക്കും. 11 മണിക്കൂർ തുടർച്ചയായി പറക്കാനുള്ള ശേഷിയും വിമാനത്തിനുണ്ട്. 1960 മുതലുള്ള ആവ്റോ-748 വിമാനങ്ങൾക്ക് പകരമാണ് സി 295 വിമാനം വ്യോമസേനയുടെ ഭാഗമാകുന്നത്. സൈനിക – ചരക്ക് നീക്ക – രക്ഷാദൗത്യങ്ങളിൽ ഇന്ത്യക്ക് കരുത്താകുന്ന വിമാനം ഇന്ത്യയിൽ ടാറ്റയും എയർബസും കൂടിയായിരിക്കും നിർമ്മിക്കുന്നത്. ഇന്ന് യുപിയിലെ ഹിൻഡൻ എയർബേയ്സിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വിമാനത്തെ വ്യോമസേനയുടെ ഭാഗമാക്കി പ്രഖ്യാപിക്കും. ചടങ്ങിൽ ആദ്യം നടക്കുന്നത് ഡ്രോൺ ഷോ ആയിരിക്കും. പീന്നിടായിരിക്കും പ്രഖ്യാപനം.
നാല് എഞ്ചിനുള്ള ടർബോ പ്രോപ്പ് വിമാനമാണ് എയർബസിന്റെ സി-295 ട്രാൻസ്പോർട്ട് വിമാനം. അഞ്ച് മുതൽ 10 ടൺ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള വിമാനത്തിൽ 45 പാരാട്രൂപ്പേഴ്സിനോ 70 യാത്രക്കാർക്കോ യാത്ര ചെയ്യാം. വിമാനം താത്ക്കാലിക റൺവേയിലും പെട്ടെന്നുയരുകയും ഇറങ്ങുകയും ചെയ്യും. നേരത്തെ സ്പെയിനിലെ സെവിയയിൽ നടന്ന ചടങ്ങിൽ സി 295 ട്രാൻസ്പോർട്ട് വിമാനം എയർബസ് അധികൃതർ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരിക്ക് കൈമാറിയിരുന്നു. അതിനുശേഷം അതേ വിമാനത്തിലായിരുന്നു വ്യോമസേന മേധാവി ഇന്ത്യയിലേക്ക് തിരികെ എത്തിയത്.
മെയിൽ പരീക്ഷണ പറക്കൽ പൂർത്തിയാക്കിയ വിമാനത്തിന്റെ ഫോട്ടോകൾ നേരത്തെ പുറത്ത് വന്നിരുന്നു. 1,935 കോടി രൂപയുടെ കരാർ അനുസരിച്ചുമുള്ള 56 വിമാനങ്ങളാണ് നിർമ്മിക്കുന്നത്. ഇതിൽ പതിനാറ് വിമാനങ്ങൾ സപെയ്നിലാണ് നിർമ്മിക്കുക. ബാക്കി 40 എണ്ണം ഗുജറാത്തിലെ വഡോദരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ഒക്ടോബറിൽ തറക്കല്ലിട്ട ടാറ്റയുടെ പ്ളാന്റിൽ നിർമ്മിക്കും. ഒരു സ്വകാര്യ കമ്പനി ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ സൈനികവിമാനമാണ് സി 295 ട്രാൻസ്പോർട്ട് വിമാനം.