പ്രമുഖ എഡ്ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കേരളം വിടില്ലെന്ന് സ്ഥിരീകരിച്ചു. കേരളത്തിൽ 600 പുതിയ നിയമനങ്ങൾ നടത്തുമെന്ന് കമ്പനി അറിയിച്ചു. തിരുവനന്തപുരത്തെ ഓഫീസ് അടച്ചുപൂട്ടിയതോടെ കമ്പനി കേരളം വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ബൈജൂസ് രംഗത്തെത്തിയത്.
ട്യൂഷൻ സെന്ററുകളും ഓഫീസുകളുമടക്കം 14 കേന്ദ്രങ്ങളാണ് ബൈജൂസിന് കേരളത്തിലുള്ളത്. കേരളത്തിൽ 3,000 ജീവനക്കാരാണ് കമ്പനിക്കുള്ളത്. സംസ്ഥാനത്ത് മൂന്ന് പുതിയ കേന്ദ്രങ്ങൾ തുറക്കുമെന്നും ബൈജൂസ് പറഞ്ഞു. ചെലവ് ചുരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി തിരുവനന്തപുരം ടെക്നോപാർക്കിലെ ഓഫീസ് അടച്ചുപൂട്ടുകയാണ് ബൈജൂസ്.
തിരുവനന്തപുരം ഓഫീസിലെ ജീവനക്കാരോട് ബെംഗളൂരുവിലേക്ക് മാറാൻ ബൈജൂസ് ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം അവർക്ക് ജോലി നഷ്ടപ്പെടും. കമ്പനിയുടെ നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ ജീവനക്കാർ മന്ത്രി വി ശിവൻകുട്ടിക്ക് പരാതി നൽകിയിരുന്നു. 2023 മാർച്ചോടെ ലാഭകരമാകുക എന്ന ലക്ഷ്യത്തോടെയാണ് ബൈജൂസ് ചെലവ് ചുരുക്കൽ നടപടികൾ കർശനമാക്കിയത്.