
ചേലക്കര: രേഖകളില്ലാതെ കടത്തിയ 25 ലക്ഷം രൂപ പിടികൂടി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് രാവിലെ വാഹനം പരിശോധിച്ച് പണം പിടിച്ചെടുത്തത്. കാറിന്റെ പിൻ ഭാഗത്ത് ഒരു ബാഗിൽ സൂക്ഷിച്ചിരിക്കുന്ന നിലയിലായിരുന്നു പണം. കുളപ്പുള്ളി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.
ചേലക്കര മണ്ഡലത്തിലെ വള്ളത്തോൾ നഗറിൽ കലാമണ്ഡലം പരിസരത്താണ് സംഭവം. പണത്തിന് കൃത്യമായ രേഖകൾ ഇല്ലെന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഇൻകം ടാക്സ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നത്. 25 ലക്ഷം രൂപയുമായി എറണാകുളത്തേക്ക് പോവുകയായിരുന്നു, വീടിന്റെ നിർമാണം പുരോഗമിക്കുകയാണ് അതിനാവശ്യമായ മാർബിൾ വാങ്ങാനായാണ് യാത്ര എന്നും കാറിലുണ്ടായിരുന്ന വ്യക്തി പറഞ്ഞു. പണം ബാങ്കിൽ നിന്ന് പിൻവലിച്ചതിന്റെ രേഖകൾ ഉണ്ടെന്നും ജയൻ പറഞ്ഞു. എന്നാൽ, ഇത്രയും വലിയ തുക കൈവശം വയ്ക്കുന്നത് നിയമപരമല്ല എന്ന് കാട്ടി പണം പിടിച്ചെടുക്കാനുള്ള നടപടികൾ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ ആരംഭിച്ചു.
