കൊച്ചി: മരട് തുരുത്തി അമ്പല റോഡിലെ ബ്ലൂ മൗണ്ട് ഫ്ലാറ്റിൽ വെച്ച് അമ്മയെ കൊലപ്പെടുത്തിയ മകൻ മാനസിക പ്രശ്നങ്ങളുള്ള ആളെന്ന് അയൽവാസികൾ. ഇയാളെ രണ്ടുമാസം മുമ്പാണ് മാനസികാരോഗ്യ ആശുപത്രിയിൽ നിന്ന് എത്തിച്ചതെന്നും അയൽവാസികൾ കൂട്ടിച്ചേർത്തു.അമ്പല റോഡിലെ ബ്ലൂ മൗണ്ട് ഫ്ലാറ്റിൽ താമസിക്കുന്ന അച്ചാമ്മ എബ്രഹാമി(78)നെയാണ് മകൻ വിനോദ് എബ്രഹാം മണിക്കൂറുകളോളം പൂട്ടിയിട്ടതിന് ശേഷം ക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.ഇലക്ട്രോണിക് സാധങ്ങൾ ഓൺലൈനായി വാങ്ങുകയും പിന്നീട് അത് തല്ലി പൊട്ടിക്കുകയും ചെയ്യുന്ന സ്വഭാവക്കാരനായിരുന്നു വിനോദ്. രണ്ട് മാസം മുമ്പ് സഹോദരി രണ്ട് ലക്ഷത്തോളം വിലയുള്ള ടി.വി. വാങ്ങി നൽകിയിരുന്നു. ഇതും വിനോദ് തല്ലിത്തകർത്തു. മാനസികാരോഗ്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന വിനോദ് രണ്ട് മാസം മുമ്പാണ് തിരികെ വീട്ടിലെത്തിയത്. ഓൺലൈനായി എത്തിച്ചാണ് ഭക്ഷണം കഴിച്ചിരുന്നത്’- അയൽവാസിയും കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന സിജു പറഞ്ഞു.
വ്യാഴാഴ്ച രാവിലെ മുതൽ വിനോദ് അച്ചാമ്മയെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇക്കാര്യം അച്ചാമ്മ അയൽവാസികളെ വിളിച്ച് അറിയിച്ചു. തുടർന്ന് അയൽവാസി കൗൺസിലറെ വിവരം അറിയിക്കുകയും കൗൺസിലർ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് വന്ന് വിനോദിനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പിന്നാലെ, ഇവിടെ നിൽക്കേണ്ടതില്ലെന്നും പ്രശ്നങ്ങളൊന്നും ഇല്ലെന്നും വ്യക്തമാക്കി അയൽവാസിയുടെ ഫോണിലേക്ക് ശബ്ദ സന്ദേശമെത്തി. തുടർന്നാണ് പോലീസ് ഇവിടെ നിന്നും മടങ്ങിയതെന്ന് അയൽവാസിയായ സിജു പറഞ്ഞു.വൈകുന്നേരത്തോടെ സാധനങ്ങൾ തല്ലിപ്പൊട്ടിക്കുന്ന ശബ്ദവും അച്ചാമ്മയുടെ നിലവിളിയും കേട്ടതോടെ അയൽവാസികൾ വീണ്ടും പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയെങ്കിലും വീട് തുറക്കാനാകാത്തതിനാൽ ഫയർഫോഴ്സിന്റെ സഹായത്തോടെയാണ് വീട് തുറന്നത്. പോലീസ് എത്തിയിട്ടും രണ്ട് മണിക്കൂറിന് ശേഷമാണ് വീട് തുറക്കാനായത്. വീടു തുറക്കുമ്പോൾ അച്ചാമ്മ ക്രൂരമായി കൊല്ലപ്പെട്ട നിലയിലായിരുന്നു. അക്രമാസക്തനായ വിനോദിനെ ഏറെ ശ്രമപ്പെട്ടാണ് പോലീസ് അവിടെ നിന്നും അറസ്റ്റ് ചെയ്തത്.പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തിവരികയാണ്. ഫോറൻസിക് ഉദ്യോഗസ്ഥർ ഫ്ലാറ്റിലെത്തി പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.